

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളിങ് ലൈനപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് പരാജയം വഴങ്ങിയതിന് പിന്നാലെയാണ് പ്രതികരണവുമായി ശ്രീകാന്ത് രംഗത്തെത്തിയത്. ഇത്രയും മോശം ലൈനപ്പുമായി ഹൈദരാബാദ് ടീം എത്രകാലം മുന്നോട്ടുപോവുമെന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്.
'സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളിങ് ശരിക്കും വളരെ മോശമാണ്. നിതീഷ് കുമാര്‍ റെഡ്ഡിയാണ് അവരുടെ ബോളിങ് ഓപ്പണ്‍ ചെയ്യുന്നത്. അതിന് പിന്നിലുള്ള ലോജിക് എനിക്ക് മനസിലാകുന്നേയില്ല. ഡേവിഡ് പെയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഈഷാന്‍ മലിങ്കയെ അവര്‍ അടിച്ചുപറത്തി'
'ഇത്തരത്തിലുള്ള മോശം ബോളിങ് ലൈനപ്പ് വെച്ച് അവര്‍ എത്രനാള്‍ മുന്നോട്ടുപോവും? പാറ്റ് കമ്മിന്‍സ് തിരിച്ചെത്തിയാല്‍ പോലും ഹൈദരാബാദിന്റെ ബോളിങ് വളരെ ദുര്‍ബലമായിരിക്കും. ബോളര്‍മാര്‍ പന്തെറിയുന്നതും വളരെ പതിയെയാണ്', ശ്രീകാന്ത് തുറന്നുപറഞ്ഞു.
ഐപിഎൽ 2026ലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബിയോട് ആറ് വിക്കറ്റിന്റെ പരാജയമാണ് സൺറൈസേഴ്സ് വഴങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കോഹ്‌ലിപ്പട മറികടക്കുകയായിരുന്നു. ആര്‍സിബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ഫിഫ്റ്റി നേടി. പുറത്താകാതെ 38 പന്തില്‍ 69 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 61 റണ്‍സ് നേടിയാണ് ദേവ്ദത്ത് പടിക്കൽ മടങ്ങിയത്.
Content Highlights: IPL 2026: Kris Srikkanth slammed SRH's poor bowling attack in the match against RCB