

ഐപിഎൽ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതായി ബംഗ്ലാദേശ് സര്‍ക്കാര്‍. 'കായിക മേഖലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല, വാണിജ്യപരമായ കാഴ്ചപ്പാടിലൂടെ മാത്രമേ ഇതിനെ കാണുന്നുള്ളൂ' പുതുതായി ചുമതലയേറ്റ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിര്‍ ഉദ്ദീന്‍ സ്വപന്‍ വ്യക്തമാക്കി. മുന്‍ ഇടക്കാല സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ ഇനി ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിൽ തടസങ്ങൾ ഉണ്ടാകില്ല.
'ഐപിഎല്‍ സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തെ കായികവുമായി കലര്‍ത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുമില്ല. വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് ഏതെങ്കിലും ചാനലുകള്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് അനുമതി തേടിയാല്‍ അത് അനുകൂലമായി തന്നെ പരിഗണിക്കും' മന്ത്രി വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സ് അടക്കമുള്ള അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് നെറ്റ് വർക്കുകള്‍ക്ക് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കുമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശ് സ്വാഗതം ചെയ്തു. ഔദ്യോഗികമായി നിരോധന ഉത്തരവുകള്‍ ഒന്നുമില്ലാത്തതിനാൽ ഐപിഎല്‍ ഫീഡ് തടയില്ലെന്നും അസോസിയേഷന്‍ അറിയിച്ചു.
ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും പിന്നാലെ, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുന്‍ ഇടക്കാല സര്‍ക്കാര്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുന്നു എന്ന തീരുമാനം അറിയിച്ചത്.
Content highlight: Bangladesh government shown green signal to IPL broadcast