

2026 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സീസണിലെ ആദ്യ മത്സരങ്ങളില്‍ ഡൽഹി ക്യാപിറ്റൽസ് നിരയിൽ താൻ ഉണ്ടാകില്ലെന്ന വാർത്തകൾക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടിയുമായി ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിലും ആരോപണങ്ങളിലും കടുത്ത ഭാഷയിലാണ് സ്റ്റാർക്ക് മറുപടി നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച പ്രസ്താവനയിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
തന്‍റെ തോളിനും കൈമുട്ടിനും പരിക്കേറ്റ വിവരം സ്റ്റാർക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ഇന്ത്യൻ മാധ്യമങ്ങളും ചില മുൻ താരങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തന്‍റെ ശരീരത്തെക്കുറിച്ച് തനിക്കുള്ളതിനേക്കാൾ അറിവ് ഇവർക്കുണ്ടോയെന്നും സ്റ്റാർക്ക് തുറന്നടിച്ചു. നിലവിൽ പരിക്കിൽ നിന്നും മുക്തനായിക്കൊണ്ടിരിക്കുകയാണെന്നും പൂർണ്ണമായും ആരോഗ്യവാനായിക്കഴിഞ്ഞാൽ ഡൽഹിക്ക് വേണ്ടി കളിക്കളത്തിലേക്ക് മടങ്ങാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
'ഓസ്ട്രേലിയൻ സമ്മറിൽ തന്‍റെ തോളിനും കൈമുട്ടിനും ഏറ്റ പരിക്ക് ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ ഇതിനിടെ ചില വ്യക്തികൾ ഇന്ത്യൻ മാധ്യമങ്ങളിലൂടെ എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. എന്‍റെ പരിക്കിനെക്കുറിച്ചും ഐപിഎൽ പങ്കാളിത്തത്തെക്കുറിച്ചും അവർ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. എന്‍റെ ശരീരത്തെക്കുറിച്ച് എന്നേക്കാൾ നന്നായി അറിയാമെന്നാണ് ഇവരുടെ ഭാവം'
'ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്‍റിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു. എത്ര മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പില്ലെങ്കിലും എത്രയും വേഗം ടീമിനൊപ്പം ചേരാൻ താൻ ആഗ്രഹിക്കുന്നു', സ്റ്റാർക്ക് വ്യക്തമാക്കി.

സ്റ്റാർക്ക് ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര കഴിഞ്ഞ ആഴ്ച നടത്തിയ പരാമർശങ്ങളാണ് സ്റ്റാർക്കിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ സ്റ്റാർക്കിന്റെയും മറ്റ് ഓസീസ് താരങ്ങളുടെയും വിട്ടുനിൽക്കലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സ്റ്റാർക്കിന് പരിക്കില്ലെന്നും ജനുവരിയിൽ ആഷസ് കഴിഞ്ഞ ശേഷം താരം വിശ്രമത്തിലാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു.
സ്റ്റാർക്കിന് ഐപിഎല്ലില്‍ കളിക്കാൻ എൻഒസി നൽകാത്ത ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും സുനിൽ ഗവാസ്കറും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പരിക്ക് ഒഴികെയുള്ള കാരണങ്ങളാൽ മത്സരങ്ങൾ ഒഴിവാക്കുന്ന വിദേശ താരങ്ങൾ ഐപിഎല്ലിനെയും ഫ്രാഞ്ചൈസികളെയും നിസ്സാരമായി കാണുകയാണെന്നുമായിരുന്നു ഗവാസ്കര്‍ കുറ്റപ്പെടുത്തിയത്.
Content Highlights: Mitchell Starc fires back at critics, reveals injury setback behind IPL delay