

ഐപിഎൽ 19-ാം സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തയ്യാറെടുപ്പുകൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കേ, ഇപ്പോൾ ആരാധകർക്കിടയിൽ ആവേശമായി സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസിന്റെ ഇൻട്രാ-സ്ക്വാഡ് പരിശീലന മത്സരം. ടീം ജൂറലും ടീം റിയാനും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ പെയ്തത് റൺമഴ. രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയെങ്കിലും ആ വിടവ് നികത്താൻ യുവതാരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം റോയൽസ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നു.
ആദ്യം ബാറ്റ് ചെയ്യാനെത്തിയ ടീം ജൂറലിനായി ക്യാപ്റ്റൻ ധ്രുവ് ജൂറൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓപ്പണറായി കളത്തിലെത്തിയ ജൂറൽ അർദ്ധ സെഞ്ച്വറിയുമായി ക്രീസിൽ നിറഞ്ഞാടി. യുവതാരമായ വൈഭവ് സൂര്യവംശി ആദം മിൽനെയെ തുടർച്ചയായി സിക്സറുകൾ പറത്തികൊണ്ട് റൺമഴയുടെ ശക്തി കൂട്ടി. ശ്രീലങ്കൻ താരമായ ദാസുൻ ഷാനകയുടെ ബാറ്റിംഗ് മികവ് കൂടി ചേർന്നപ്പോൾ ടീമിനെ 204 എന്ന വമ്പൻ സ്കോറിലേക്കും എത്തിച്ചു.
205 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം റിയാൻ തുടക്കം മുതൽ തന്നെ ആക്രമണശൈലി സ്വീകരിച്ചു. എട്ട് ഓവർ പിന്നിടുമ്പോൾ 105 റൺസ് അവർ നേടി കഴിഞ്ഞിരുന്നു. ലുവാൻഡ്രെ പ്രിട്ടോറിയസിന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയും അമൻ റാവുവിന്റെ ബാറ്റിംഗ് മികവും വിജയത്തിന് അടിത്തറയായി. മൂന്നാം നമ്പറിൽ ബാറ്റ് വീശാനെത്തിയ ക്യാപ്റ്റൻ റിയാൻ പരാഗ് മികച്ച ഫോമിൽ തന്നെയാണെന്ന് തന്റെ ഷോട്ടുകളിലൂടെ പറയാതെ പറഞ്ഞുവെച്ചു.
ബാറ്റിംഗ് മാത്രമല്ല, ബൗളിംഗിലും കരുത്തർ തന്നെയാണെന്ന് തെളിയിച്ചതായിരുന്നു ഈ പ്രാക്ടീസ് മാച്ച്. സന്ദീപ് ശർമയും സുശാന്ത് മിശ്രയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, ദക്ഷിണാഫ്രിക്കൻ പേസർ നാന്ദ്രെ ബർഗർ ഡെത്ത് ഓവറുകളിൽ പന്തെറിയുന്നതിൽ കൃത്യതയാർന്ന താളം കണ്ടെത്തി. ദാസുൻ ഷാനക ബാറ്റിംഗിന് പുറമെ ബൗളിംഗിലും മിതത്വം പാലിച്ചു. വിഗ്നേഷ് പുത്തൂരിന്റെ മൂന്ന് ഓവർ സ്പെല്ലും റോയൽസ് മാനേജ്‌മെന്റിന് പ്രതീക്ഷ നൽകുന്നത് തന്നെയാണ്.
മത്സരത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് രവി ബിഷ്‌ണോയ് സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ സിക്സർ പറത്തിയതായിരുന്നു. അഞ്ചാം നമ്പറിൽ ഇറങ്ങിയ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാൽ യശസ്വി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ എന്നിവർ ഈ പരിശീലന മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.
നാളെ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഐപിഎൽ പൂരത്തിന് കൊടികയറുന്നത്. മുപ്പതാം തീയതിയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ചെന്നൈ സൂപ്പർ കിങ്‌സാണ് എതിരാളികൾ. മുൻ നായകൻ സഞ്ജു സാംസണിന്റെ ട്രേഡിനായി രാജസ്ഥാനിലേക്ക് രവീന്ദ്ര ജഡേജ എത്തിയതും പകരം 18 കോടിക്ക് സഞ്ജു ചെന്നൈയിലെത്തിയതും വലിയ വാർത്തയായിരുന്നു. തന്റെ പഴയ ടീമിനെതിരെ ജഡേജയും സഞ്ജുവും എങ്ങനെ പെർഫോം ചെയ്യും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Content highlight: Rajasthan Royals players are shines in the practice match