

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് യുവരാജ് സിങിന്റെ അച്ഛൻ യോഗ്‌രാജ് സിംഗ്. ടൂർണമെന്റിലുടനീളം ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട അഭിഷേകിന്റെ അച്ചടക്കമില്ലായ്മയെയും ജീവിതശൈലിയെയുമാണ് യോഗ്‌രാജ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. 8 മത്സരങ്ങളിൽ നിന്ന് വെറും 141 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്.
യുവരാജ് സിംഗിനോട് അഭിഷേകിനെ താരതമ്യം ചെയ്യുന്നവർക്കുള്ള മറുപടിയുമായാണ് യോഗ്‌രാജ് എത്തിയത്. യുവരാജിന്റെ അടുത്തെത്താൻ അഭിഷേകിന് ഇനിയൊരു ജന്മം കൂടി വേണ്ടിവരും. ക്രിക്കറ്റിൽ അച്ചടക്കമാണ് പ്രധാനം. ഇന്നത്തെ താരങ്ങൾ പാർട്ടികളിലും പെൺകുട്ടികളിലും പണത്തിലും റീലുകൾ ഷൂട്ട് ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുകൊണ്ടാണ് അവർ പരാജയപ്പെടുന്നത്, ഇൻസൈഡ് സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ് തുറന്നടിച്ചു.
എല്ലാ പന്തും സിക്സറിന് പറത്താൻ ശ്രമിക്കുന്ന അഭിഷേകിന്റെ ശൈലിയെയും അദ്ദേഹം വിമർശിച്ചു. അഭിഷേകിന്റെ ബാറ്റിംഗ് കണ്ട് എനിക്ക് വലിയ വെറുപ്പാണ് തോന്നുന്നത്. എപ്പോഴും പന്ത് വായുവിലൂടെ അടിക്കാൻ കഴിയില്ല. ക്രിക്കറ്റിൽ സിംഗിളുകളും ഡബിളുകളും ഗ്രൗണ്ട് ഷോട്ടുകളും ഉണ്ടെന്ന കാര്യം അവൻ മറന്നുപോകുന്നു. വെറുതെ കാണികളെ രസിപ്പിക്കാൻ സിക്സറുകൾ മാത്രം അടിച്ചാൽ പരാജയം ഉറപ്പാണ്. രാത്രി 9 മണിക്ക് ഉറങ്ങാൻ പോകുകയും പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് 1000 പന്തുകളെങ്കിലും നെറ്റ്സിൽ നേരിടുകയും വേണം', യോഗ്‌രാജ് ഉപദേശിച്ചു.
ശുഭ്മൻ ഗില്ലിനെപ്പോലെയുള്ള താരങ്ങൾക്കും ഇത്തരം ശ്രദ്ധതിരിക്കലുകളിൽ പെട്ട് കുഴയുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ കുറവായിരുന്നെങ്കിലും അഭിഷേക് തന്നെയാണ് ഇപ്പോഴും ടി20 ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമൻ. ഇരുപത്തിയെട്ടാം തിയതി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ നേരിടാൻ ഒരുങ്ങുന്ന സൺറൈസേഴ്സിന് അഭിഷേകിന്റെ ഫോം ഇല്ലായ്മ തലവേദന സൃഷ്ടിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.
Content highlights: yograj singh criticizes abhishek sharma yuvraj-singh comparison