

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. നായകനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോയതിന് പിന്നാലെയാണ് 24-കാരനായ പരാഗിനെ രാജസ്ഥാൻ നായകനായി പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ നടന്ന ചർച്ചയില്‍ പറഞ്ഞു.
റിയാൻ പരാഗ് എങ്ങനെയാണ് ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു ശ്രീകാന്തിന്‍റെ പരിഹാസം. അവൻ എങ്ങനെയാണ് ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാം. അത് അവരുടെ തീരുമാനമാണ്, പക്ഷേ അവിടെ അവൻ ഒരു രാജാവിനെപ്പോലെയാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ പരാഗ് അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. അതിന് മുൻപത്തെ വർഷം നന്നായി കളിച്ചു എന്നത് സത്യമാണ്. പക്ഷേ കഴിഞ്ഞ വർഷം എടുത്തുപറയാവുന്ന ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ടീമിലുള്ളപ്പോൾ എന്തിനാണ് പരാഗിനെ തിരഞ്ഞെടുത്തതെന്നും ശ്രീകാന്ത് ചോദിച്ചു. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ 8 മത്സരങ്ങളിൽ പരാഗ് ടീമിനെ നയിച്ചിരുന്നു. എന്നാൽ അതിൽ 2 മത്സരങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്, ശ്രീകാന്ത് പറഞ്ഞു.
ഈ സീസണിലെ രാജസ്ഥാന്റെ സാധ്യതകളെ കുറിച്ചും പരാഗ് അഭിപ്രായപ്പെട്ടു. ‘രാജസ്ഥാൻ ടീം അത്ര മോശമല്ല. വലിയ ടീമുകളെ ഞെട്ടിക്കാനുള്ള ആയുധങ്ങൾ അവർക്കുണ്ട്. എന്നാൽ സ്വയം തകരാനും രാജസ്ഥാനു സാധിക്കും. ടോപ് ഓർഡറിലെ അഞ്ചു താരങ്ങളിൽ രണ്ടു ബാറ്റർമാർ തിളങ്ങിയാൽ പോലും എതിരാളികളെ വിറപ്പിക്കാൻ രാജസ്ഥാനു കഴിയും. എന്നാൽ രാജസ്ഥാന് കിരീടം വിജയിക്കാനാകുമെന്നു തോന്നുന്നില്ല. പ്ലേ ഓഫ് യോഗ്യതയിൽ തന്നെ 50–50 സാധ്യത മാത്രമാണുള്ളത്', ശ്രീകാന്ത് വ്യക്തമാക്കി.
Content Highlights: k srikkanth slams riyan parag captaincy rajasthan royals