

പാകിസ്താൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ വാർത്താസമ്മേളനത്തിൽ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിക്കും മുഹമ്മദ് റിസ്‌വാനുമെതിരെ ദേഷ്യപ്പെട്ട് കറാച്ചി കിംഗ്‌സ് നായകനും ഓസ്ട്രേലിയന്‍ താരവുമായ ഡേവിഡ് വാര്‍ണര്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു നാടകീയ സംഭവം.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വാർണർ മറുപടി നൽകിക്കൊണ്ടിരിക്കെ, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ എന്നിവർ പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്തതാണ് വാർണറെ ചൊടിപ്പിച്ചത്.
താൻ സംസാരിക്കുമ്പോൾ സഹതാരങ്ങള്‍ കാണിച്ച അച്ചടക്കമില്ലായ്മയിൽ അസ്വസ്ഥനായ വാർണർ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷമ ചോദിച്ചുകൊണ്ട്, എന്താണ് പ്രശ്നം സുഹൃത്തുക്കളേ? ക്ഷമിക്കണം, ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട് എന്ന് കളിയാക്കി.
വാർണറുടെ ഈ പരിഹാസം പാക് താരങ്ങളെയും വേദിയിലുണ്ടായിരുന്ന മറ്റുള്ളവരെയും ഒരുപോലെ അമ്പരപ്പിച്ചു. ഇതിന്‍റെ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
ഇത്തവണ കറാച്ചി കിംഗ്‌സിന്റെ നായകനായാണ് 39-കാരനായ വാർണർ എത്തുന്നത്. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 368 റൺസ് അടിച്ചുകൂട്ടിയ വാർണർക്ക് കീഴിൽ ടീം എലിമിനേറ്റർ വരെ എത്തിയിരുന്നു. ഇത്തവണ കന്നി കിരീടം ലക്ഷ്യമിട്ടാണ് വാർണറും സംഘവും ഇറങ്ങുന്നത്.
Content Highlights: psl 2026 david warner teases shaheen afridi mohammad rizwan press conference