'ഇവിടെ മറ്റാര്‍ക്കും ICC ട്രോഫി വേണ്ടേ'; ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടൻ

'ഇവിടെ മറ്റാര്‍ക്കും ICC ട്രോഫി വേണ്ടേ'; ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
dot image

ടി20 ലോകകപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടന്‍. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയതോടെ ഒരേസമയം മൂന്ന് ഐസിസി ട്രോഫികള്‍ കൈക്കലാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ, ഇപ്പോള്‍ ടി20 ലോകകപ്പിലും അവരെ തന്നെ കീഴടക്കി കിരീടം ചൂടിയിരിക്കുകയാണ്.

2027-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കൂടി നേടാനായാല്‍, ഒരേസമയം മൂന്ന് പ്രധാന പരിമിത ഓവര്‍ കിരീടങ്ങളും കൈവശം വെക്കുന്ന ടീമായി ഇന്ത്യ മാറുമെന്നാണ് അദ്ദേഹം പറയുന്നത്.

'കഴിഞ്ഞ കുറച്ച് ഐസിസി ടൂര്‍ണമെന്റുകളിലായി കളിച്ച 32 മത്സരങ്ങളില്‍ 30 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടും മാത്രമാണ് അവര്‍ പരാജയപ്പെട്ടത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയാണ് ഇപ്പോള്‍ ഏറ്റവും കരുത്തര്‍. ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവ ഒരേസമയം സ്വന്തമാക്കുക എന്നതായിരിക്കും അവരുടെ അടുത്ത ലക്ഷ്യം', അതേര്‍ട്ടന്‍ കൂട്ടിച്ചേർത്തു.

2026 ടി20 ലോകകപ്പില്‍ ആധികാരികമായ പ്രകടനമാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണജയം സ്വന്തമാക്കി സൂപ്പര്‍ എട്ടിലേക്ക്. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് വെല്ലുവിളിയായെങ്കിലും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു സാംസണ്‍ നേടിയ പുറത്താകാത്ത 97 റണ്‍സ് ഇന്ത്യയെ അഞ്ച് വിക്കറ്റ് വിജയത്തിലേക്കും സെമിയിലേക്കും നയിച്ചു.

ന്യൂസിലന്‍ഡിനെതിരെ 255 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ, 96 റണ്‍സിന്റെ പടുകൂറ്റന്‍ ജയത്തോടെ കിരീടം നിലനിര്‍ത്തി. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ടി20 ലോകകപ്പ് കിരീടം എന്ന നേട്ടത്തോടെ ലോക ക്രിക്കറ്റില്‍ ഇന്ത്യ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.

Content Highlights: michael atherton praises indian cricket team- icc trophy

dot image
To advertise here,contact us
dot image