

2026 ടി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. ചരിത്രത്തിലാദ്യമായി ടി20 ലോകകിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിൽ നിന്ന് നാല് താരങ്ങളാണ് ഐസിസിയുടെ ലോകകപ്പ് ടീമിൽ സ്ഥാനം പിടിച്ചത്. ടൂര്‍ണമെന്റിലെ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണെ ഐസിസി ടീമിലുൾപ്പെടുത്തി.
വിക്കറ്റ് കീപ്പർ ബാറ്ററായാണ് ഐസിസി സഞ്ജുവിനെ തെരഞ്ഞെടുത്തത്. സഞ്ജുവിന് പുറമെ ഇന്ത്യൻ ടീമിൽ നിന്നും ഇഷാൻ കിഷൻ, ജസ്പ്രിത് ബുംറ,ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഐസിസിയുടെ ടീം ഓഫ് ദ ടൂർണമെന്റിൽ സ്ഥാനം പിടിച്ചില്ല.
ഇയാന്‍ ബിഷപ്പ്, ഇയോയിന്‍ മോര്‍ഗന്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിൽ നിന്ന് 383 റൺസ് നേടിയ പാകിസ്താൻ താരം സാഹിബ്‌സാദ ഫര്‍ഹാനാണ് സഞ്ജുവിനൊപ്പം ഓപ്പണറായി ഐസിസിയുടെ ടീമിൽ ഇടം പിടിച്ചത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് ഫര്‍ഹാൻ.
വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് സഞ്ജു അടിച്ചു കൂട്ടിയത് 321 റണ്‍സ് ആയിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് ലഭിച്ച അവസരങ്ങൾ സഞ്ജു ഭംഗിയായി ഉപയോഗിച്ച സഞ്ജു ഇന്ത്യയുടെ നിർണായക താരമായി മാറുകയായിരുന്നു. വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ഇരു മത്സരങ്ങളിലും കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ടീമിന്റെ മറ്റൊരു പ്രധാന ബാറ്ററായ ഇഷാൻ കിഷനും ഐസിസിയുടെ ടീമിൽ ഇടം നേടി. ടൂർണമെന്റിൽ 317 റൺസാണ് ഇഷാന്റെ സമ്പാദ്യം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബാറ്റിങ്ങിലും ബൗളിങ്ങിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്റിൽ രണ്ട് അർധസെഞ്ചുറികൾ നേടിയ പാണ്ഡ്യ നമീബിയക്കെതിരെ വെറും 28 പന്തിൽ 52 റൺസ് നേടിയിരുന്നു. ടൂർണമെന്റിൽ ഒമ്പത് വിക്കറ്റുകൾ ആണ് താരം സ്വന്തമാക്കിയത്. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയും ടീമിൽ ഇടം നേടിയിട്ടുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
ഐസിസി ടീം ഓഫ് ദി ടൂർണമെന്റ്: സാഹിബ്‌സാദ ഫര്‍ഹാന്‍, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, എയ്ഡന്‍ മാര്‍ക്രം, ഹര്‍ദ്ദിക് പാണ്ഡ്യ, വിൽ ജാക്സ്, ജസ്പ്രീത് ബുംറ, ആദിൽ റഷീദ്, ലുങ്കി എന്‍ഗിഡി, ബ്ലസിങ് മുസറബാനി, ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക് (12-ാം താരം)
Content Highlights: ICC Announced T20 World Cup 2026 Team Of The Tournament: Four Indians include Sanju Samson in Team