'ബുംറയും മനുഷ്യനാണ്, തെറ്റ് പറ്റാം'; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ന്യൂസിലാൻഡ് താരം ഗ്ലെൻ ഫിലിപ്‌സ്

ബുംറയും മനുഷ്യനാണെന്നും മോശം ദിവസങ്ങൾ ഉണ്ടാകാമെന്നും ഫിലിപ്‌സ് പറഞ്ഞു

'ബുംറയും മനുഷ്യനാണ്, തെറ്റ്  പറ്റാം'; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ന്യൂസിലാൻഡ് താരം ഗ്ലെൻ ഫിലിപ്‌സ്
dot image

ടി 20 ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറയെ നേരിടാൻ ന്യൂസിലാന്‍ഡ് തയ്യാറാണെന്ന് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്‌സ്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ബ്ലോക്ക്ബസ്റ്റർ ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിലിപ്സ്.

ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 499 റൺസ് പിറന്ന മത്സരത്തിലും വെറും 33 റൺസ് മാത്രം വഴങ്ങി ബുംറ കരുത്തുകാട്ടിയിരുന്നു. ബുംറ എറിഞ്ഞ പതിനെട്ടാം ഓവറായിരുന്നു മത്സരത്തിൽ നിർണായകമായത്.

എന്നാൽ ബുംറയും മനുഷ്യനാണെന്നും മോശം ദിവസങ്ങൾ ഉണ്ടാകാമെന്നും ഫിലിപ്‌സ് പറഞ്ഞു. അദ്ദേഹവും ഒരു മനുഷ്യനാണ്. മറ്റുള്ളവരെപ്പോലെ ബുംറയ്ക്കും ഒരു മോശം ദിവസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അദ്ദേഹത്തിനെതിരെ മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- ഫിലിപ്‌സ് പറഞ്ഞു.

ഈ വർഷം ആദ്യം നടന്ന ദ്വിരാഷ്ട്ര പരമ്പരയിൽ ബുംറയെ ന്യൂസിലന്‍ഡ് ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്നും ഫിലിപ്സ് ഓർമ്മിപ്പിച്ചു. അന്ന് നാല് മത്സരങ്ങളിൽ നിന്ന് വെറും നാല് വിക്കറ്റ് മാത്രമാണ് ബുംറയ്ക്ക് നേടാനായത്. 9.46 എന്ന ഉയർന്ന ഇക്കോണമി റേറ്റിലായിരുന്നു അന്ന് ബുംറ റൺസ് വഴങ്ങിയത്. ബുംറയുടെ നാല് ഓവറുകൾ പ്രതിരോധിച്ചു കളിച്ച് മറ്റ് ബൗളർമാരെ ലക്ഷ്യം വെക്കുക എന്ന തന്ത്രമായിരിക്കില്ല ന്യൂസിലൻഡ് സ്വീകരിക്കുകയെന്ന് ഫിലിപ്‌സ് സൂചിപ്പിച്ചു.

സെമിഫൈനലിൽ അപരാജിതരായി എത്തിയ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് കിവികൾ ഫൈനലില്‍ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഇന്ത്യ മൂന്നാം ലോകകപ്പ് ലക്ഷ്യമിടുമ്പോള്‍ കന്നി ലോകകിരീടം ലക്ഷ്യമിട്ടാണ് മിച്ചൽ സാന്‍റ്നറും സംഘവും ഞായറാഴ്ച മൈതാനത്തിറങ്ങുന്നത്.

Content Highlights: T20 worldcup 2026; glenn phillips warns team india about jasprit bumrah

dot image
To advertise here,contact us
dot image