

മലയാള സിനിമാപ്പാട്ടിന്റെ ലോകത്ത് അടുത്ത കാലത്ത് ഏറെ ഹിറ്റായ ഒരുപിടി പാട്ടുകൾ എഴുതിയ ഒരു ചെറുപ്പക്കാരനുണ്ട്, കാർത്തിക്. കോമഡി പ്രോഗ്രാമുകളിൽ തഗ് ലൈഫ് കൗണ്ടറുകളും ക്രിഞ്ച് പിക്കപ്പ് ലൈനുകളുമായി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ കാർത്തിക ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലെ ക്രിസ്റ്റഫറായി സിനിമാപ്രേമികളെ ചിരിപ്പിച്ചു.
പലർക്കും ഈ നിലകളിലാണ് കൂടുതൽ മുഖപരിചയമെങ്കിലും ഇപ്പോൾ കാർത്തിക് കൂടുതൽ ഹിറ്റായിരിക്കുന്നത് പാട്ടെഴുത്തുകാരൻ എന്ന നിലയിലാണ്. പുതിയ തലമുറയ്ക്കിടയിൽ വലിയ ഹിറ്റായി മാറിയിരിക്കുന്ന വാഴ 2ലെ 'ബൊമ്മാലെ' എന്ന ഗാനം എഴുതിയിരിക്കുന്നത് കാർത്തിക്കാണ്. പാട്ടിലെ പല വരികളും പുതിയ തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു എന്നാണ് വരുന്ന കമന്റുകൾ.
കുറച്ച് മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ അടക്കി ഭരിച്ച 'പ്രേമവതി തീ തീ…' എന്ന ഗാനം രചിച്ചതും കാർത്തിക്കായിരുന്നു. അതിഭീകര കാമുകൻ എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. ഇതേ സിനിമയിലെ 'ഡെലുലു ഡെലുലു' എന്ന ഹിറ്റ് പാട്ടിന് വരികൾ എഴുതിയതും കാർത്തിക് തന്നെയാണ്. Heykarthii എന്ന പേരിലാണ് കാർത്തിക് വരികൾ എഴുതുന്നത്.
പാട്ടുകൾ ഹിറ്റായതിന് പിന്നാലെ കുട്ടിക്കാലത്ത് എഴുതിയ കവിതയെ കുറിച്ചും അത് പ്രസിദ്ധീകരിച്ച് വരാതിരുന്നപ്പോഴുണ്ടായ വിഷമത്തെ കുറിച്ചും കാർത്തിക് ഇൻസ്റ്റയിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പണ്ട് ബാലരമയിൽ കുട്ടികളുടെ കവിതകൾ പ്രസിദ്ധീകരിക്കുന്ന പംക്തിയിലേക്ക് വീട്ടിലെ പൂച്ചയെ കുറിച്ചുള്ള കവിത എഴുതിയിരുന്നു എന്നാണ് കാർത്തിക് പറയുന്നത്. എന്നാൽ ഈ കവിത പ്രസിദ്ധീകരിച്ച് വന്നില്ല. അന്ന് ഏറെ സങ്കടപ്പെട്ട അഞ്ചാം ക്ലാസുകാരന് ഇന്ന് ഏറെ സന്തോഷിക്കുന്നുണ്ടാകും, അവൻ എഴുതിയ പാട്ടുകൾ കുറെ പേർ കേൾക്കുന്നുണ്ട് എന്നാണ് കാർത്തിക് പറയുന്നത്.
കാർത്തിക്കിന്റെ പോസ്റ്റിന് താഴെ സ്‌നേഹം നിറച്ച് കമന്റുകളുമായി നിരവധി പേർ എത്തുന്നുണ്ട്. പൂച്ചയെ കുറിച്ച് എഴുതിയ കവിത പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും കമന്റുകളിൽ നിറയുന്നുണ്ട്.
കാർത്തിക് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
അമ്മാ ഞാൻ അയച്ചു കൊടുത്ത കവിത ഇന്ന് ബാലരമയിൽ വരും…… കൊറേ പിള്ളേർടെ പേരും അവർ എഴുതിയ ചെറിയ പൂച്ചെന്റെയോ തവളെടെയോ ഒക്കെ കവിത എല്ലാ ആഴ്ചയും ബാലരമേടെ last പേജിൽ വരുന്നത് കണ്ട 5 ആം ക്ലാസുകാരന്റെ മനസ്സിലും തോന്നി അവന്റെ കവിതേം നാല് പേരു വായ്ക്കണമെന്നു…! അങ്ങനെ 7 തലതെറിച്ച പുള്ളേർ ഉണ്ടായിരുന്ന അമ്മു പൂച്ചയെ പറ്റി അവൻ എഴുതി അയച്ചു…!
അടുത്ത ലക്കം ബാലരമയിൽ 100 പേജ് പത്തു വട്ടം മറിച്ചു നോക്കിട്ടും അവന്റെ കവിത അതിൽ കണ്ടില്ല… അടുത്ത ആഴ്ച വരും എന്ന് 2 മാസം കാത്തിരുന്നു, അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന 5ആം ക്ലാസ്സുകാരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാവും…
അവൻ എഴുതിയ പാട്ട് കൊറേ ആൾക്കാർ ഇപ്പോ കേക്കുന്നുണ്ട്.
Content Highlights: The lyricist behind viral hits like Bommale, Premavathee, and Delul Karthik shares a nostalgic story from his younger days. He wrote a poem about a cat for Balarama but it never got published