

തിരുവനന്തപുരം: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.
ദളിത് സംഘടനകള്‍ നാളെ നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ്.
ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.
നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു.
ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലിന് പൗരസമൂഹം ഉള്‍പ്പെടെ അറുപതോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്.
ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍.
Contentt Highlights: Kerala Technical University postpones exams due to harthal