

ഇന്ത്യക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന ഐസിസി ടി20 സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്ന് ആത്മവിശ്വാസം പങ്കുവെച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍. ഏറെ ആകാംക്ഷയോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നതെന്നും ഇംഗ്ലണ്ട് ടീം ഏറെ ആത്മവിശ്വാസത്തിലാണെന്നുമാണ് സാം കറന്‍ വെളിപ്പെടുത്തിയത്.
സെമി ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ് ഇംഗ്ലണ്ട് താരം സാം കറന്‍. 2023 പുരുഷ ലോകകപ്പ് ഫൈനലിന് മുമ്പ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞതുപോലെ ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കുമെന്നാണ് കറനും പറഞ്ഞത്. മത്സരത്തിന് മുന്നോടിയായിയുള്ള വാര്‍ത്ത സമ്മേളനത്തില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍.
‘ഗാലറിയിലെ കാണികളുടെ ആവേശം എത്രത്തോളം ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. അത് നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സ്റ്റേഡിയങ്ങളിലും ബഹളങ്ങൾക്കുമിടയില്‍ കളിക്കുന്നത് ഏതൊരു താരത്തെ സംബന്ധിച്ചും രോമാഞ്ചം നല്‍കുന്ന ഒന്നാണ്. എന്നാല്‍, മത്സരത്തില്‍ മികച്ച രീതിയില്‍ മുന്നേറിയാല്‍ ഞങ്ങള്‍ക്ക് ആ കാണികളെ നിശബ്ദരാക്കാന്‍ സാധിക്കും. അതിനര്‍ത്ഥം ഞങ്ങള്‍ക്ക് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചുവെന്നാണ്,’ സാം കറന്‍ പറഞ്ഞു.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlights: T20 World Cup 2026, IND vs ENG semi final; Sam Curran hopes to silence the Wankhede Crowd