സഞ്ജുവിന്റെ സെലിബ്രേഷൻ പണിയായോ? ഐസിസി കടുത്ത നടപടിക്ക് ഒരുങ്ങുന്നു, ആശങ്കയിലാക്കി റിപ്പോര്‍ട്ടുകള്‍

സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിനൊപ്പം വിജയത്തിന് ശേഷം താരം നടത്തിയ വൈകാരികമായ സെലിബ്രേഷനും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

സഞ്ജുവിന്റെ സെലിബ്രേഷൻ പണിയായോ? ഐസിസി കടുത്ത നടപടിക്ക് ഒരുങ്ങുന്നു, ആശങ്കയിലാക്കി റിപ്പോര്‍ട്ടുകള്‍
dot image

2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലേക്കും സെമി ഫൈനലിലേക്കും ഒറ്റയ്ക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കു ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, ഇതിനിടെ ഇന്ത്യൻ ക്യാമ്പിനും ആരാധകർക്കും ആശങ്ക സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മലയാളി താരം സഞ്ജു സാംസണെതിരെ ഐസിസി അച്ചടക്ക നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിലെ സഞ്ജുവിന്റെ വിജയാഹ്ളാദ പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. വിൻഡീസിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനങ്ങൾ ഐസിസി നിരീക്ഷിച്ചുവരികയാണെന്നും താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നുമാണ് സൂചന.

സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിനൊപ്പം വിജയത്തിന് ശേഷം താരം നടത്തിയ വൈകാരികമായ സെലിബ്രേഷനും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിജയ ബൗണ്ടറി കണ്ടെത്തിയതിന് ശേഷം ബാറ്റും ഹെല്‍മറ്റും ഗ്രൗണ്ടിലിട്ട് താരം മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് സഞ്ജു ചെയ്തത്. എന്നാല്‍ ഹെല്‍മറ്റും, ബാറ്റും ഗ്രൗണ്ടിലേക്ക് ഇട്ടത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആശങ്ക.

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം 'ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത്' കുറ്റകരമാണ്. ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ്, ബാറ്റ്, സ്റ്റംപ് എന്നിവ എറിയുന്നതും ഇതിൽ ഉൾപ്പെടും. സഞ്ജുവിന്റെ പ്രവർത്തി ഒരു ലെവൽ 1 കുറ്റമായി കണക്കാക്കാനാണ് സാധ്യത. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡിമെറിറ്റ് പോയിന്റുകളുമാണ് സാധാരണ ലഭിക്കാറുള്ളത്.

എന്നാൽ ഒരു ലെവൽ 1 കുറ്റത്തിന് മാത്രമായി സാധാരണ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ഏർപ്പെടുത്താറില്ല. എന്നാൽ സഞ്ജുവിന് ഇതിനകം ഡിമെറിറ്റ് പോയിന്റുകൾ ഉണ്ടെങ്കിൽ (ആകെ 4 പോയിന്റ് തികഞ്ഞാൽ) വിലക്ക് വരാനുള്ള സാധ്യത ഏറെയാണ്. നിലവിൽ അത്തരം പോയിന്റുകൾ അദ്ദേഹത്തിനില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ സഞ്ജുവിന് നഷ്ടമാകാൻ സാധ്യത കുറവാണ്.

2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ മാച്ച് വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Content Highlights: Sanju Samson Under ICC Review Over His T20 WC 2026 Semi-Final vs England Winning Celebration in Kolkata

dot image
To advertise here,contact us
dot image