'കേരള ഫാൻസ് താൻ മുഖ്യം ഡികെ'; ICCയുടെ ഒഫീഷ്യല്‍ പേജില്‍ മലയാളത്തില്‍ സംസാരിച്ച് സഞ്ജു, ഏറ്റെടുത്ത് ആരാധകർ

സഞ്ജു തൻ്റെ മലയാളി ആരാധകരോട് മലയാളത്തിൽ സംസാരിക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കുന്ന ദിനേശ് കാർത്തിക്കും വീഡിയോയിലുണ്ട്

'കേരള ഫാൻസ് താൻ മുഖ്യം ഡികെ'; ICCയുടെ ഒഫീഷ്യല്‍ പേജില്‍ മലയാളത്തില്‍ സംസാരിച്ച് സഞ്ജു, ഏറ്റെടുത്ത് ആരാധകർ
dot image

ഐസിസിയുടെ ഔ​ദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച മലയാളി താരം സഞ്ജു സാംസണിന്റെ വീഡിയോ വൈറലാവുന്നു. ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിന് ശേഷമുള്ള വീഡിയോയാണ് ഐസിസി പുറത്തുവിട്ടിരിക്കുന്നത്. മത്സരത്തിന് ശേഷം സഞ്ജു സാംസൺ കേരളത്തിലെ ആരാധകരോട് മലയാളത്തിൽ‌ സംസാരിക്കുന്നതാണ് വീഡിയോ.

സഞ്ജു തൻ്റെ മലയാളി ആരാധകരോട് മലയാളത്തിൽ സംസാരിക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കുന്ന മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കും വീഡിയോയിലുണ്ട്. സഞ്ജു മലയാളത്തിൽ സംസാരിക്കുമ്പോൾ ആരോടാണ് ക്യാമറയിൽ നോക്കി സംസാരിക്കുന്നതെന്ന് ഡികെ ചോദിക്കുകയാണ്. ചേട്ടാ ഞാൻ എന്റെ നാട്ടിലെ ആരാധകരോട് സംസാരിക്കുകയാണ്, അവരാണ് പ്രധാനമെന്ന് സഞ്ജു തമിഴിൽ ഡ‍ികെയോട് പറയുന്നുമുണ്ട്.

തുടർന്ന് 'എന്തുണ്ട് നാട്ടില്‍ എല്ലാവര്‍ക്കും സുഖമാണെന്ന് കരുതുന്നു. ഇതുപോലെത്തന്നെ നമ്മുടെ ഇന്ത്യന്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടേയിരിക്കുക', എന്ന് സഞ്ജു മലയാളത്തിൽ സംസാരിക്കുകയാണ്. ഇതുനോക്കിനിൽക്കുന്ന ഡികെ ഐസിസിയുടെ വീഡിയോയിൽ തമിഴിൽ സംസാരിക്കാൻ കഴിയാത്തതിന്റെ പരിഭവം വളരെ രസകരമായി പറയുകയാണ്. 'ഞാൻ അഞ്ച് വർഷമായി ഐസിസി യിൽ ജോലി ചെയ്യുന്നു. ഇതുവരെ ഞാൻ മലയാളത്തിലോ തമിഴിലോ ഇൻ്റർവ്യൂ നൽകിയിട്ടില്ല. നടക്കട്ടെ ചേട്ടാ നടക്കട്ടെ', എന്നായിരുന്നു കാർത്തിക് പറഞ്ഞത്.

ഇൻ്റർനാഷണൽ ലെവലിൽ സഞ്ജുവിൻ്റെ റീച്ച് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഡികെ യുടെ വാക്കുകൾ. ഒരു ബ്രാൻഡ് എന്ന നിലയിൽ സഞ്ജു വളർന്നു എന്നതിൻ്റെ തെളിവുതന്നെയാണിത്. സഞ്ജുവിൻ്റെയും കാർത്തിക്കിൻ്റെയും ഈ വീഡിയോ തമിഴ്-മലയാളി ആരാധകൻ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. 'ഐസിസിയുടെ പേജിൽ മലയാളത്തിൽ സംസാരിക്കണമെങ്കിൽ ഒരു റേഞ്ച് തന്നെ വേണം', 'ഇതാണ് സഞ്ജു എന്ന ബ്രാൻ‌ഡ്' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Content Highlights: ICC Video with Sanju Samson Speaking in Malayalam with Dinesh Kartik goes Viral

dot image
To advertise here,contact us
dot image