നെതര്‍ലന്‍ഡ്‌സിനെതിരെയും ഡക്ക്; മോശം റെക്കോര്‍ഡില്‍ സഞ്ജുവിനൊപ്പമെത്തി അഭിഷേക്‌

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് റൺസൊന്നും നേടാനാവാതെ മടങ്ങുന്നത്

നെതര്‍ലന്‍ഡ്‌സിനെതിരെയും ഡക്ക്; മോശം റെക്കോര്‍ഡില്‍ സഞ്ജുവിനൊപ്പമെത്തി അഭിഷേക്‌
dot image

ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെയും ഡക്കായതോടെ ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ഫോംഔട്ട് ചർച്ചയാവുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് റൺസൊന്നും നേടാനാവാതെ മടങ്ങുന്നത്. അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന മത്സരത്തില്‍ ആര്യന്‍ ദത്തിന്റെ ഓവറില്‍ നേരിട്ട മൂന്നാം പന്തിലാണ് അഭിഷേക് പുറത്തായത്. ടി20യിലെ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ അഭിഷേകിന് സാധിച്ചിട്ടില്ല.

നെതർ‌ലൻഡ്സിനെതിരെയും ഡക്കായി പുറത്തായതോടെ മോശം റെക്കോർഡിൽ മലയാളി താരം സഞ്ജു സാംസണൊപ്പം എത്തിയിരിക്കുകയാണ് അഭിഷേക് ശർമ. ഇന്ത്യൻ ജേഴ്സിയിൽ ഒരു കലണ്ടർ‌ വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്കായി പുറത്താകുന്നവരിൽ സഞ്ജുവിനൊപ്പമാണ് ഇപ്പോൾ അഭിഷേക്. ഇരുവരും അഞ്ച് തവണയാണ് ഒരു കലണ്ടർ വർഷത്തിൽ പൂജ്യത്തിന് പുറത്തായത്.

ഈ വര്‍ഷം രണ്ട് മാസം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ അഭിഷേക് അഞ്ച് തവണയാണ് റണ്‍സെടുക്കാതെ പുറത്താവുന്നത്. ലോകകപ്പിലെ മൂന്ന് മത്സരങ്ങൾക്ക് മുൻപ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലായിരുന്നു രണ്ട് തവണ ഡക്കായി മടങ്ങിയത്. കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സില്‍ താരം അഞ്ച് തവണ റണ്ണെടുക്കാതെ മടങ്ങിയിരുന്നു.

2024ലാണ് സഞ്ജു അഞ്ച് തവണ ഡക്കായി മടങ്ങിയത്. സഞ്ജു മികച്ച ഫോമില്‍ കളിക്കുന്ന സമയം കൂടി ആയിരുന്നു അത്. ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന മൂന്ന് ഓപ്പണര്‍മാരില്‍ ഒരാളാണ് അഭിഷേക്.

Content Highlights: T20 World Cup 2026: Abhishek Sharma equals Sanju Samson’s unwanted duck record

dot image
To advertise here,contact us
dot image