

ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ കിരീടപ്രതീക്ഷകൾക്ക് വൻ തിരിച്ചടി. ടീമിന്റെ സ്റ്റാർ സ്പിന്നർ വനിന്ദു ഹസരങ്കയ്ക്ക് ലോകകപ്പ് നഷ്ടമായിരിക്കുകയാണ്. പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.
ഹസരങ്കയുടെ പകരക്കാരനെ ശ്രീലങ്ക പ്രഖ്യാപിക്കുകയും ചെയ്തു. 31കാരനായ ലെഗ് സ്പിന്‍ ഓള്‍റൗണ്ടര്‍ ദുഷാന്‍ ഹേമന്തയാണ് ഹസരങ്കയ്ക്ക് പകരം ടീമിലെത്തിയത്. മൂന്ന് ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഹേമന്തയെ ഹസരംഗയുടെ വിടവ് നികത്താന്‍ ലങ്കന്‍ ടീം മാനേജ്മെന്റ് നേരിട്ട് പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.
ശ്രീലങ്കന്‍ നിരയിലെ ഏറ്റവും നിര്‍ണ്ണായകനായ താരമായിരുന്ന ഹസരങ്കയുടെ അഭാവം ടീമിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. ആദ്യ മത്സരത്തിൽ അയർലൻഡിനെതിരേ മികച്ച രീതിയിൽ പന്തെറിഞ്ഞ ഹസരങ്ക ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. താരം 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ മത്സരത്തിൽ കാലിലെ പേശികൾക്കേറ്റ പരിക്ക് താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കാനിങ്ങിന് വിധേയനായപ്പോൾ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു.
പേശികൾക്ക് വലിയ വിള്ളൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിന് ശേഷം സ്‌പെഷ്യലിസ്റ്റിന്റെ ശുപാർശ കൂടി പരിഗണിച്ചാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്. വർഷങ്ങളായി ഹസരങ്കയെ പരിക്ക് വേട്ടയാടുന്നുണ്ട്. ഒമാൻ, ആസ്‌ത്രേലിയ, സിംബാബ്‌വെ എന്നിവർക്കെതിരേയാണ് ശ്രീലങ്കയ്ക്ക് ഇനിയുള്ള മത്സരങ്ങൾ.
Content Highlights: T20 World Cup: Dushan Hemantha replaces Wanindu Hasaranga in Sri Lankan squad