ഇന്ത്യയോട് കളിക്കാൻ പാകിസ്താനോട് അപേക്ഷിച്ചോ?; വ്യാജ ഓഡിയോക്കെതിരെ ആഞ്ഞടിച്ച് രാജീവ് ശുക്ല

'എന്‍റെ പ്രസ്താവനകൾ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയിരിക്കുകയാണ്. '

ഇന്ത്യയോട് കളിക്കാൻ പാകിസ്താനോട് അപേക്ഷിച്ചോ?; വ്യാജ ഓഡിയോക്കെതിരെ ആഞ്ഞടിച്ച് രാജീവ് ശുക്ല
dot image

തന്‍റെ പേരിൽ പ്രചരിക്കുന്ന വ്യാജ എഐ ഓഡിയോ ക്ലിപ്പിനെതിരെ ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല രംഗത്ത്. പാകിസ്താനിലെ ഒരു പ്രമുഖ ടിവി ഷോയിൽ തന്‍റെ ശബ്ദം കൃത്രിമമായി നിർമ്മിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനിലെ ARY ന്യൂസിലെ ടോക്ക് ഷോയ്ക്കിടെയാണ് വിവാദമായ ഓഡിയോ സംപ്രേക്ഷണം ചെയ്തത്. മുൻ പാക് താരം ഷൊയൈബ് മാലിക് അവതാരകനായ ഷോയിൽ, ഇന്ത്യ-പാക് മത്സരവുമായി ബന്ധപ്പെട്ട് രാജീവ് ശുക്ല സംസാരിക്കുന്നു എന്ന രീതിയിലാണ് ഓഡിയോ പ്ലേ ചെയ്തത്.

എന്തുവന്നാലും ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നടക്കണമെന്ന് ബിസിസിഐ പാകിസ്താനോട് അപേക്ഷിച്ചു എന്ന രീതിയിലുള്ള തെറ്റായ കാര്യങ്ങളാണ് എഐ ഉപയോഗിച്ച് നിർമ്മിച്ച ഈ ഓഡിയോയിൽ രാജവ് ശുക്ല പറയുന്നതായി ഉണ്ടായിരുന്നത്. രാജിസ് ശുക്ലയുടെ ചിത്രം വെച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിലൂടെ' അദ്ദേഹം ഈ വ്യാജ പ്രചരണത്തെ തള്ളിക്കളഞ്ഞു.

'എന്‍റെ പ്രസ്താവനകൾ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയിരിക്കുകയാണ്. ആ ശബ്ദം എന്‍റേതല്ല. ഇത്തരം തെറ്റായ ഉള്ളടക്കങ്ങൾ വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ കാണുന്ന പക്ഷം അത് റിപ്പോർട്ട് ചെയ്യണം-രാജീവ് ശുക്ല കുറിച്ചു.

യഥാർത്ഥത്തിൽ, ഐസിസി ഇടപെട്ട് ഇന്ത്യ-പാക് മത്സരത്തിനുള്ള തടസ്സങ്ങൾ നീക്കിയതിനെ സ്വാഗതം ചെയ്യുകയാണ് രാജീവ് ശുക്ല ചെയ്തത്. ഐസിസി ചെയർമാനും ബിസിസിഐ ഭാരവാഹികൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു. ക്രിക്കറ്റിന്‍റെ നിലനിൽപ്പിനും ലോകകപ്പിന്റെ വിജയത്തിനും ഈ തീരുമാനം അത്യന്താപേക്ഷിതമാണെന്നാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയത്.

Content Highlights: Rajeev Shukla Clears The Air On AI voice on india-pak t20worldcup row

dot image
To advertise here,contact us
dot image