അങ്ങനെ ആ നേട്ടവും ഇന്ത്യക്ക്; പാകിസ്താന്റെ റെക്കോർഡ് ഇനി പഴങ്കഥ

രണ്ടാം ടി20 മത്സരത്തിൽ കിവീസ് മുന്നോട്ടുവെച്ച 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യ മറികടന്നത്

അങ്ങനെ ആ നേട്ടവും ഇന്ത്യക്ക്; പാകിസ്താന്റെ റെക്കോർഡ് ഇനി പഴങ്കഥ
dot image

ട്വന്റി20 യിൽ പുത്തൻ റെക്കോർഡ് കുറിച്ച് നീലപ്പട. ഐസിസി മുഴുവൻ സമയ അംഗങ്ങളിൽ 200 ന് മുകളിൽ വരുന്ന വിജയലക്ഷ്യം ഏറ്റവും കുറഞ്ഞ പന്തിൽ മറികടക്കുന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. റായ്‌പൂരിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ കിവീസ് മുന്നോട്ടുവെച്ച 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു സ്കൈയും സംഘവും മറികടന്നത്. ഇന്ത്യയുടെ ഈ നേട്ടത്തോടെ, കഴിഞ്ഞ വർഷം ഓക്ക്‌ലാൻഡിൽ ന്യൂസിലാൻഡ് ഉയർത്തിയ 205 എന്ന വിജയലക്ഷ്യം 24 പന്തുകൾ ബാക്കി നിൽക്കെ മറികടന്ന പാകിസ്താന്റെ റെക്കോർഡാണ് പഴങ്കഥയായത്.

ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, ഈ നേട്ടം ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവും, വലിയൊരു ഇടവേളയ്ക്ക് ശേഷം നീല കുപ്പായത്തിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷനും തങ്ങളുടെ ഫോം വീണ്ടെടുത്തത് ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 209 എന്ന വിജയലക്ഷ്യം പിന്തുടരവരെ മലയാളി താരം സഞ്ജു സാംസൺ അടക്കം മൂന്ന് പേരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യക്ക് ആദ്യം നഷ്ടമായിരുന്നത്. പിന്നീട് കണ്ട സ്കൈ - ഇഷാൻ കൂട്ടുകെട്ട് ഇന്ത്യയുടെ ജയം അനായാസമാക്കി. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത് 48 പന്തിൽ നിന്ന് 122 റൺസ്. ആദ്യ മത്സരത്തിൽ നിറം മങ്ങിയ ഇഷാൻ രണ്ടാം മത്സരത്തിൽ 32 പന്തിൽ നിന്ന് 76 റൺസ് നേടി തിളങ്ങി.

എന്നാൽ, രണ്ടാം കളിയിലും സഞ്ജുവിന് തിളങ്ങാനായില്ല. ആദ്യ മത്സരത്തിൽ ഏഴ് ബൗളിൽ നിന്ന് പത്ത് റൺസ് ആയിരുന്നു നേടിയതെങ്കിൽ രണ്ടാം മത്സരത്തിൽ അഞ്ച് പന്തിൽ നിന്ന് ആറ് റൺസ് മാത്രമായിരുന്നു സമ്പാദ്യം. ഇഷാൻ ഫോം തിരിച്ചുപിടിച്ചപ്പോൾ ആദ്യ കളിയിൽ 84 റൺസ് നേടി വെടിക്കെട്ട് ബാറ്റിങ്ങ് നടത്തിയ അഭിഷേക് ശർമ റായ്‌പൂരിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. 37 പന്തുകളിൽ നിന്ന് 82 അടിച്ചെടുത്ത സൂര്യകുമാർ 23 ഇന്നിങ്സിന് ശേഷമാണ് ഒരു അർദ്ധസെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാല് സിക്സറുകളും 9 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സൂര്യയുടെ ബാറ്റിംഗ് വിരുന്നെങ്കിൽ, നാല് സിക്സറുകളും 11 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഇഷാന്റെ ബാറ്റിംഗ്.

കുൽദീപ് യാദവ് രണ്ടുപേരെ മടക്കി അയച്ചപ്പോൾ ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2 - 0 ത്തിന് മുന്നിലാണ്.

Content highlight: India break pakistan's record in big win over Newzealand

dot image
To advertise here,contact us
dot image