

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പലതവണ നമ്മൾ ഹോൺ ശബ്ദം കേൾക്കാറുണ്ട്. എന്നാൽ ഈ ശബ്ദങ്ങൾ വെറുതെയല്ലെന്നും, ഗാർഡിനും യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും നൽകുന്ന കൃത്യമായ നിർദ്ദേശങ്ങളാണ് ഇതിന് പിന്നിലെന്നും നിങ്ങൾക്കറിയാമോ? ഇന്ത്യൻ റെയിൽവേയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട 11 തരം ഹോൺ ശബ്ദങ്ങളും അവയുടെ അർത്ഥങ്ങളും നോക്കിയാലോ
1)ഒരു ചെറിയ ഹോൺ: ട്രെയിൻ ശുചീകരണത്തിനായി യാർഡിലേക്ക് കൊണ്ടുപോകുന്നു എന്ന് അർത്ഥം.
2)രണ്ട് ചെറിയ ഹോൺ: ട്രെയിൻ പുറപ്പെടുന്നതിന് മുൻപായി ഗാർഡിന്റെ സിഗ്നലിനായി ആവശ്യപ്പെടുന്നതിനാണ് രണ്ട് ചെറിയ ഹോൺ മുഴക്കുന്നത്.

3) ഒരു നീണ്ട ഹോൺ: സിഗ്നൽ ലഭിച്ചുവെന്നും ട്രെയിൻ സ്റ്റേഷൻ വിടാൻ തയ്യാറെടുക്കുന്നു എന്നും സൂചിപ്പിക്കുന്നു ഈ നീണ്ട ഹോൺ ശബ്ദം.
4) ഒരു നീണ്ട ഹോണും ഒരു ചെറിയ ഹോണും: ഗാർഡ് ബ്രേക്ക് റിലീസ് ചെയ്യാനും മെയിൻ ലൈൻ ക്ലിയർ ആണെന്ന് ഉറപ്പുവരുത്താനുമുള്ള സൂചനയാണിത്.
5) രണ്ട് നീണ്ട ഹോണും രണ്ട് ചെറിയ ഹോണും: ഗാർഡിനെ എൻജിനിലേക്ക് വിളിക്കാനായി ലോക്കോ പൈലറ്റ് നൽകുന്ന ശബ്ദം.
6) രണ്ട് ചെറിയ ഹോണും ഒരു നീണ്ട ഹോണും: ട്രെയിനിലെ ചെയിൻ വലിച്ചാലോ അല്ലെങ്കിൽ ബ്രേക്ക് പ്രഷറിൽ പെട്ടെന്ന് കുറവുണ്ടായാലോ ആണ് ഈ ഹോൺ മുഴങ്ങുന്നത്.
7) മൂന്ന് ചെറിയ ഹോണുകൾ: ട്രെയിൻ നിയന്ത്രണാതീതമാണെന്നും ഉടൻ ബ്രേക്ക് പ്രയോഗിക്കാൻ ഗാർഡ് സഹായിക്കണമെന്നും സൂചിപ്പിക്കുന്നു. അടിയന്തര സാഹചര്യങ്ങളിലാണ് ഈ രീതിയിൽ ഹോൺ മുഴക്കാറുള്ളത്.

8) നാല് ചെറിയ ഹോണുകൾ: ട്രെയിനിന് സാങ്കേതിക തകരാറോ അപകടമോ സംഭവിച്ചതിനാൽ മുന്നോട്ട് പോകാൻ കഴിയില്ല എന്നതിന്റെ സൂചന.
9) ഒരു വലിയ നീണ്ട ഹോൺ: ട്രെയിൻ ലെവൽ ക്രോസിംഗുകളോ ടണലുകളോ അടുക്കുമ്പോഴോ അല്ലെങ്കിൽ സ്റ്റേഷനുകളിൽ നിർത്താതെ പോകുമ്പോഴോ ആണ് ഈ ശബ്ദം മുഴങ്ങുന്നത്.
10) ഒരു നീണ്ട ഹോണും ഒരു ചെറിയ ഹോണും (രണ്ട് തവണ): ട്രെയിനിൽ ആരെങ്കിലും ചെയിൻ വലിച്ചുവെന്നും ഗാർഡ് വാക്വം ബ്രേക്ക് പ്രയോഗിക്കണമെന്നും അർത്ഥം.
11) ആറ് ചെറിയ ഹോണുകൾ: വലിയ അപകട സാധ്യതയോ അല്ലെങ്കിൽ ട്രെയിൻ തെറ്റായ ദിശയിലാണെന്നോ ഉള്ള അതീവ ജാഗ്രതാ നിർദ്ദേശമായിട്ടാണ് ആറ് ചെറിയ ഹോണുകൾ പുറപ്പെടുവിക്കുന്നത്.
Content Highlights: 11 different types of train horn sounds used by Indian Railways and their meanings.