

സിനിമാ-സംഗീത സംവിധായകനും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ മുൻ കാമുകനുമായ പലാഷ് മുച്ചലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയിൽ നിക്ഷേപം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് ഗായകൻ കൂടിയായ പലാഷിനെതിരെ സാംഗ്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടനും നിർമാതാവുമായ വിഗ്യാൻ മാനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ വിഗ്യാൻ മാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഡിസംബറിലാണ് തട്ടിപ്പിന്റെ തുടക്കം. പലാഷ് സംവിധാനം ചെയ്യുന്ന 'നസാരിയ' എന്ന സിനിമയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒടിടി റിലീസിന് ശേഷം 12 ലക്ഷം രൂപ ലാഭം നൽകാമെന്നും സിനിമയിൽ വേഷം നൽകാമെന്നും പലാഷ് വിശ്വസിപ്പിച്ചു. കൂടാതെ സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.
2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിൽ വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ പലാഷ് കൈപ്പറ്റുകയായിരുന്നു. എന്നാൽ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും സിനിമ പൂർത്തിയായില്ല. നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് ഒഴിഞ്ഞുമാറിയതോടെയാണ് വിഗ്യാൻ മാനെ പാരതിയുമായി സാംഗ്ലി പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സാംഗ്ലി പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സാംഗ്ലി പൊലീസ് പലാഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. അതേസമയം പലാഷ് ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരവും ലോകകപ്പ് ജേതാവുമായ സ്മൃതി മന്ദാനയും പലാഷുമായുള്ള വിവാഹം മുടങ്ങിയത് അടുത്തകാലത്തുണ്ടായ വലിയ വിവാദമായിരുന്നു. വിവാഹദിനം തന്നെ സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനാൽ വിവാഹം മാറ്റിവെക്കുന്നു എന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും പിന്നീട് ഇവർ പൂർണ്ണമായും വേർപിരിയുകയായിരുന്നു. പലാഷിന്റെ ചില വ്യക്തിപരമായ ബന്ധങ്ങളാണ് സ്മൃതിയുമായുള്ള വിവാഹം മുടങ്ങാൻ കാരണമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇപ്പോൾ വഞ്ചനാക്കുറ്റവും ഗായകനെ തേടിയെത്തുന്നത്.
Content Highlights: Smriti Mandhana's Ex Palash Muchhal named in alleged 40 lakh cheating case, police begin investigation