

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നു. ഇതോടെ ഡോളറിന്റെ ആവശ്യകത ശക്തമായി. കോര്‍പ്പറേറ്റുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നുമുള്ള ഡോളറിന്റെ ആവശ്യം വര്‍ധിച്ചത് രൂപക്ക് തിരിച്ചടിയായി. ഇടിവില്‍ നിന്ന് രൂപ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പിന്നീട് സര്‍വ്വകാല താഴ്ച്ചയിലേക്ക് ഇടിയുകയായിരുന്നു. ബുധനാഴ്ച രേഖപ്പെടുത്തിയ 91.74 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയേക്കാള്‍ രൂപയുടെ മൂല്യം 91.77 ആയി കുറഞ്ഞു.

ഇന്ത്യയില്‍ നിന്ന് വിദേശഫണ്ടുകള്‍ വലിയതോതില്‍ പണം പിന്‍വലിക്കുന്നതാണ് രൂപയെ കടുത്ത സമ്മര്‍ദത്തിലാക്കുന്നത്. ഗ്രീന്‍ലാന്റുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിട്ടുള്ള സംഘര്‍ഷവും തീരുവ ഭീഷണികളും കൂടാതെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതും രൂപയെ തളര്‍ത്തി. അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ വൈകുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്നുമാസത്തിനിടെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 88.20 രൂപയെന്ന നിലയില്‍നിന്ന് 91.74 രൂപ വരെയായി ഇടിഞ്ഞു. ബുധനാഴ്ച റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞ രൂപ വ്യാഴാഴ്ച നേരിയ തോതില്‍ തിരിച്ചു വരവു നടത്തിയിരുന്നു.
അതേസമയം രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് ലാഭകരമാവും. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടാതെ ഏറ്റവുമധികം ഇന്ത്യക്കാരുള്ള യുഎഇയിലെ പ്രവാസികള്‍ക്കും അവസരം മുതലാക്കാനാവും. ഒരു ദിര്‍ഹം നാട്ടിലേക്ക് അയക്കുമ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ രൂപ നാട്ടില്‍ ലഭിക്കും. കൂടാതെ നിലവില്‍ 24.94 എന്ന നിരക്കിലുള്ള വിനിമയം വൈകാതെ തന്നെ 25 രൂപയിലേക്ക് എത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. പ്രവാസികള്‍ക്ക് അവസരം ലാഭകരമാണെങ്കിലും ഇന്ത്യയില്‍ നിന്ന് വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നഷ്ടമുണ്ടാക്കും. വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്നവരും പ്രതിസന്ധി നേരിടും.
Content Highlights: The Indian rupee plunged to a fresh all-time low on Friday