മോഹൻലാൽ താടി വടിച്ചു, ഇനി മീശ പിരിക്കുമോ; L366 - തരുൺ മൂർത്തിയുടെ പൊലീസ് ചിത്രത്തിലെ ലുക്കിൽ നടൻ

മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ ചിത്രം നിമിഷങ്ങള്‍ കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വെെറലായത്

മോഹൻലാൽ താടി വടിച്ചു, ഇനി മീശ പിരിക്കുമോ; L366 - തരുൺ മൂർത്തിയുടെ പൊലീസ് ചിത്രത്തിലെ ലുക്കിൽ നടൻ
dot image

കഴിഞ്ഞ കുറെയേറെ നാളുകളായി മോഹൻലാലിനോട് ആരാധകർ നിരന്തരം ചോദിക്കുന്ന ചോദ്യമുണ്ടായിരുന്നു, എന്നാണ് ലാലേട്ടാ നിങ്ങൾ താടിയെടുത്ത് പുതിയ ലുക്കിൽ വരുന്നത് എന്ന്. വർഷങ്ങളായുള്ള ആരാധകരുടെ ആ ആവശ്യം ഇതാ നിറവേറിയിരിക്കുന്നു. താടിയെടുത്ത പുതിയ ലുക്കിലുള്ള ചിത്രം മോഹൻലാൽ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ചുമ്മാ ലവ് (ഇമോജി) ക്യാപ്ഷനൊപ്പമാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിനായുള്ള ലുക്ക് ആണിത്. L366 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

mohanlal

മോഹൻലാലിന്റെ പുതിയ ലുക്ക് നിമിഷനേരം കൊണ്ടാണ് വൈറലായത്. സോഷ്യൽ മീഡിയക്ക് ലാലേട്ടൻ തീയിട്ടു എന്നാണ് കമന്റുകൾ. മോഹൻലാലിന്റെ ഈ ലുക്ക് കാണാൻ വേണ്ടി മാത്രം സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം എന്ന് പറയുന്നവർ പോലുമുണ്ട്. തുടരുമിലൂടെ വിന്റേജ് ലാലേട്ടന്റെ കളിയും ചിരിയും കുസൃതികളും തിരിച്ചുതന്ന തരുൺ മൂർത്തി തന്നെ ഇപ്പോൾ നടന്റെ പഴയ ലുക്കും തിരിച്ചുകൊണ്ടുവന്നു എന്ന് പറയുന്നവരും ഏറെയാണ്.

ഇക്കഴിഞ്ഞ നാളുകളിൽ പല വിധത്തിലുള്ള വേഷങ്ങളിൽ മോഹൻലാൽ എത്തിയപ്പോഴും താടി മാത്രം ചെറിയ മാറ്റങ്ങളോടെ അവിടെ തുടരുകയായിരുന്നു. ഇതിൽ പ്രേക്ഷകർക്ക് ചെറിയ നിരാശയുണ്ടായിരുന്നു. താടിവെച്ചാലും താടിയെടുത്താലും അഭിനയത്തിൽ ലാലേട്ടൻ മിന്നുമെന്ന് ഉറപ്പാണെങ്കിലും കഥാപാത്രങ്ങൾക്കായി വ്യത്യസ്ത ലുക്കുകൾ കൂടി പരീക്ഷിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകില്ലേ എന്നായിരുന്നു കമന്റുകൾ.

L 366 location pic

അതേസമയം, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366. നേരത്തെ ഓസ്റ്റിൻ ഡാൻ തോമസിന്റെ സംവിധാനത്തിൽ രതീഷ് രവിയുടെ തിരക്കഥയിൽ L365 അനൗൺസ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റർ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിൻ ഈ ചിത്രത്തിൽ നിന്ന് മാറുകയും തരുൺ മൂർത്തിയുടെ സംവിധാനത്തിൽ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇത് പുതിയ കഥയാണെന്നും അല്ലെന്നും റിപ്പോർട്ടുകളുണ്ട്.

'മനസിൽ നിറയുന്ന നന്ദിയോടെ ഞാൻ ഘ366 യാത്ര തുടങ്ങുന്നു. നിങ്ങളുടെ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനയ്ക്കും നന്ദി' എന്നാണ് പൂജയ്ക്ക് എത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സിനിമയുടെ മുഴുവൻ ക്രൂവിനും ഒപ്പമുള്ള ചിത്രവും മോഹൻലാൽ പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യം 3 യ്ക്ക് ശേഷം മോഹൻലാൽ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്. ചിത്രം ഈ വർഷമോ അടുത്ത വർഷം തുടക്കത്തിലോ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം എത്തുന്ന പാട്രിയറ്റ്, കാമിയോ വേഷത്തിലെത്തുന്ന ഖലീഫ എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.

Content Highlights : Mohanlal shares new pic with no beard look, it is for the new movie L366 directed by Tharun Moorthy

dot image
To advertise here,contact us
dot image