

തന്നെ ഒരു മികച്ച ഓൾറൗണ്ടറാക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നതെന്ന് യുവതാരം ഹർഷിത് റാണ. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഓൾറൗണ്ടർ റോളിലേക്ക് താൻ സ്വയം പാകപ്പെടുകയാണെന്നും താരം വെളിപ്പെടുത്തി. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ഹർഷിത് മനസ് തുറന്നത്.
'ടീം മാനേജ്മെന്റ് എന്നെ ഒരു ഓൾറൗണ്ടറായി വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു. ആ റോളിൽ നന്നായി പ്രവർത്തിക്കുക എന്നതാണ് എന്റെ ജോലി. ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഇറങ്ങി ടീമിനായി സ്ഥിരമായി 30-40 റൺസ് സംഭാവന ചെയ്യാനാണ് താൻ പരിശ്രമിക്കുന്നത്. നെറ്റ്സിൽ പോലും ഞാൻ അതിന് വേണ്ടി പ്രവർത്തിക്കുന്നു. സീനിയർ താരങ്ങൾ നൽകുന്ന ആത്മവിശ്വാസം വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എനിക്ക് റൺസ് നേടാനും കഴിഞ്ഞു', ഹർഷിത് പറഞ്ഞു.
മത്സരത്തിൽ ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ റാണ ബാറ്റിങ്ങിലും നിർണായക സംഭാവന നൽകിയിരുന്നു.301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ പതറിയപ്പോൾ 23 പന്തിൽ 29 റൺസ് നേടി റാണ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു.
Content Highlights: Harshit Rana says Indian team management wants to groom him as an all-rounder