രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ആർപ്പുവിളി; ആരാധകരോട് പൊട്ടിത്തെറിച്ച് വിരാട് കോഹ്‌ലി

ഐപിഎല്ലില്‍ എം എസ് ധോണിയുടെ കാര്യത്തിലും ഇതേ സംഭവം കണ്ടിട്ടുണ്ടെന്നും കോഹ്ലി ചൂണ്ടിക്കാട്ടി

രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ആർപ്പുവിളി; ആരാധകരോട് പൊട്ടിത്തെറിച്ച് വിരാട് കോഹ്‌ലി
dot image

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് പിന്നാലെ ആരാധകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം വിരാട് കോഹ്‌ലി. മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങില്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ആര്‍പ്പുവിളിച്ചതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്. രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ വണ്‍ഡൗണായി വിരാട് കോഹ്‌ലി ക്രീസിലെത്തുന്നതിന്റെ ആവേശത്തിലാണ് വഡോദരയിലെ കാണികള്‍ ആര്‍പ്പുവിളിച്ചത്.

മത്സരശേഷം കോഹ്‌ലി ഇതിനെതിരെ ശക്തമായി തുറന്നടിച്ച് സംസാരിക്കുകയും ചെയ്തു. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറയുമ്പോഴും സഹതാരങ്ങള്‍ പുറത്താകുമ്പോള്‍ ആഘോഷിക്കുന്നത് തന്നെ അല്‍പം അസ്വസ്ഥനാക്കുന്നുണ്ടെന്നും വിരാട് വെളിപ്പെടുത്തി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഇതിഹാസതാരം എം എസ് ധോണിയുടെ കാര്യത്തിലും ഇതേ സംഭവം കണ്ടിട്ടുണ്ടെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.

'എനിക്ക് ഇതിനെകുറിച്ച് അറിയാമായിരുന്നു. സത്യം പറഞ്ഞാല്‍ വിക്കറ്റ് വീഴുമ്പോള്‍ കാണികള്‍ ഇത്രയധികം ആവേശഭരിതരാകുന്നത് കാണുമ്പോള്‍ എനിക്ക് അത്ര സുഖകരമായി തോന്നാറില്ല. എം എസ് ധോണിയുടെ കാര്യത്തിലും ഇത്തരം പ്രവണത ആരാധകരില്‍ നിന്ന് കണ്ടിട്ടുണ്ട്. വിക്കറ്റ് നഷ്ടമായി മടങ്ങേണ്ടിവരുന്നയാളെ സംബന്ധിച്ച് ഇത് ഒരിക്കലും നല്ല കാര്യമല്ല. കാണികളുടെ ആവേശം മനസിലാകും. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതലൊന്നും അതിനെ കുറിച്ച് ചിന്തിക്കാറില്ല', കോഹ്‌ലി മത്സരശേഷം പറഞ്ഞു.

ഇന്ത്യയുടെ മറുപടി ബാറ്റിങ്ങില്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ 29 പന്തില്‍ 26 റണ്‍സെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് കോഹ്‌ലി ക്രീസിലെത്തിയത്. കോഹ്ലി 91 പന്തില്‍ 93 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്.

Content Highlights: "have seen it with MSD also"; Virat Kohli On Crowd's Gesture During Rohit Sharma's Dismissal

dot image
To advertise here,contact us
dot image