ലോകകപ്പ് മത്സരം തിരുവനന്തപുരത്ത് എത്തുന്നു? ബംഗ്ലാദേശ് വിവാദത്തില്‍ സര്‍പ്രൈസ് നീക്കത്തിന് ഐസിസി

ഇന്ത്യയിൽ തന്നെ പുതിയ രണ്ട് വേദികൾ ബം​ഗ്ലാദേശിന് നിർദേശിച്ചിരിക്കുകയാണ് ഐസിസി

ലോകകപ്പ് മത്സരം തിരുവനന്തപുരത്ത് എത്തുന്നു? ബംഗ്ലാദേശ് വിവാദത്തില്‍ സര്‍പ്രൈസ് നീക്കത്തിന് ഐസിസി
dot image

ടി20 ലോകകപ്പിൽ വേദിമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർ‌ണായക നീക്കത്തിനൊരുങ്ങാൻ ഐസിസി. ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റം ആവശ്യപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാന്‍ താൽപര്യമില്ലെന്നും ഇന്ത്യയിൽ‌ നിശ്ചയിക്കപ്പെട്ട മത്സരങ്ങൾ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബംഗ്ലാദേശ് ഐസിസിക്ക് കത്തയച്ചത്. എന്നാൽ ഈ ആവശ്യം തള്ളിയതായും ബം​ഗ്ലാദേശ് ഇന്ത്യയിൽ തന്നെ വന്ന് ലോകകപ്പ് മത്സരങ്ങൾ കളിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ ഇന്ത്യയിൽ തന്നെ പുതിയ രണ്ട് വേദികൾ ബം​ഗ്ലാദേശിന് നിർദേശിച്ചിരിക്കുകയാണ് ഐസിസി. നിലവിൽ കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശ് അവരുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപകരം പുതിയ വേദികളായി ചെന്നൈയും തിരുവനന്തപുരവുമാണ് ഐസിസി നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിന് സുരക്ഷിതമായി കളിക്കാൻ സാധിക്കുന്ന വേദികളായി ചെന്നൈയും തിരുവനന്തപുരവുമാണ് ഐസിസി മുന്നോട്ടുവെച്ചിരിക്കുന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിർദേശം അംഗീകരിച്ചാല്‍ കേരളത്തില്‍ ലോകകപ്പ് പോരാട്ടം നടന്നേക്കും. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ലോകകപ്പ് മത്സരത്തിന് വേദിയാകും.

മാസങ്ങൾക്ക് മുൻപ് ഉണ്ടാക്കിയ ധാരണ പ്രകാരം ലോകകപ്പിലെ പാകിസ്താന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയായിരുന്നു ബംഗ്ലാദേശും വേദിമാറ്റം ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക.

ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിൻ്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പിൽ ബംഗ്ലാദേശിൻ്റെ ആദ്യ മത്സരം. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം ഫെബ്രുവരി 9ന് ഇറ്റലിയെയും ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് നേരിടും. ഈ മത്സരങ്ങളെല്ലാം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ്. ഫെബ്രുവരി 17ന് നേപ്പാളിനെതിരായ മത്സരത്തിന് മുംബൈ വാംഖഡെ സ്റ്റേഡിയ‌മാണ് വേദി.

Content Highlights: ICC Set To Suggest Chennai and Thiruvananthapuram as alternate venues In Bangladesh T20 World Cup Row

dot image
To advertise here,contact us
dot image