'എല്ലാം ഓക്കെയാണെന്ന് ഞങ്ങള്‍ അഭിനയിക്കുകയാണ്'; താരങ്ങള്‍ മാനസികമായി തകര്‍ന്നെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍

ശ്രദ്ധ തിരിക്കുന്ന ഇത്തരം കാര്യങ്ങള്‍ മാറ്റിവെച്ച് ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഷാന്റോ പറഞ്ഞു

'എല്ലാം ഓക്കെയാണെന്ന് ഞങ്ങള്‍ അഭിനയിക്കുകയാണ്'; താരങ്ങള്‍ മാനസികമായി തകര്‍ന്നെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍
dot image

ടി20 ലോകകപ്പിൽ വേദിമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ബംഗ്ലാദേശ് ടെസ്റ്റ് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാൻ്റോ. ഒരു പ്രശ്നവുമില്ലെന്നും ഒന്നും ബാധിക്കുന്നില്ലെന്നും തങ്ങൾ അഭിനയിക്കുകയാണെന്നും താരങ്ങൾ മാനസികമായി ബുദ്ധിമുട്ടുകയാണെന്നും ഷാൻ്റോ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം മാറ്റിവെച്ച് ലോകകപ്പിന് വേണ്ടി താരങ്ങൾ രാപകൽ തയ്യാറെടുക്കുകയാണെന്നും അനിശ്ചിതാവസ്ഥയിൽ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

'എല്ലാ ലോകകപ്പിനും മുന്‍പ് ഇങ്ങനെ എന്തെങ്കിലുമെല്ലാം സംഭവിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇത് എല്ലാവരെയും കാര്യമായി ബാധിക്കുമെന്ന് മൂന്ന് ലോകകപ്പുകളില്‍ എന്റെ അനുഭവം വെച്ച് എനിക്ക് പറയാനാവും. ഒന്നും നമ്മളെ ബാധിക്കാന്‍ പോവുന്നില്ലെന്ന് ഞങ്ങള്‍ അഭിനയിക്കുകയാണ്. പക്ഷേ ഞങ്ങള്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളാണ്. ഞങ്ങള്‍ അഭിനയിക്കുകയാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പെട്ടെന്ന് മനസിലാകും. അത് അത്ര എളുപ്പവുമല്ല', ഷാന്റോയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ശ്രദ്ധ തിരിക്കുന്ന ഇത്തരം കാര്യങ്ങള്‍ മാറ്റിവെച്ച് ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഷാന്റോ പറഞ്ഞു. 'ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നോ എങ്ങനെയെല്ലാം നിയന്ത്രിക്കാമെന്നോ ഉള്ളതിന്റെ വിശദാംശങ്ങള്‍ എനിക്കറിയില്ല. പക്ഷേ ഇപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ അഭിനയിക്കുകപോലും ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. ശരിയായ മനോഭാവത്തോടെ നമ്മള്‍ ലോകകപ്പ് എവിടെ കളിച്ചാലും ടീമിന് വേണ്ടി പരമാവധി കളിക്കുക എന്നത് മാത്രമായിരിക്കും ശ്രദ്ധിക്കേണ്ടത്', ഷാന്റോ കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) കടുപിടുത്തം പിടിക്കുകയാണ്. ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കടുത്ത നടപടികളിലേക്ക് കടന്നത്. ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണ് ബം​ഗ്ലാദേശ് താരത്തെ റിലീസ് ചെയ്യാൻ ബിസിസിഐ കെകെആറിനോട് ആവശ്യപ്പെട്ടത്. ഇത് വലിയ വിവാദമായതിനുപിന്നാലെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് ബം​ഗ്ലാദേശ് അറിയിക്കുകയും രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണം വിലക്കുകയും ചെയ്തിരുന്നു.

Content Highlights: Najmul Hossain Shanto Admits World Cup Uncertainty Is Affecting Bangladesh Squad

dot image
To advertise here,contact us
dot image