

സംഭവ ബഹുലമായ ഒരു ക്രിക്കറ്റ് വർഷം കൂടിയായിരുന്നു 2025. ഇന്ത്യയുടെ പുരുഷ ടീമിനെ സംബന്ധിച്ചിടത്തോളം ടി 20 യിൽ ഏഷ്യ കപ്പും ഏകദിനത്തിൽ ചാമ്പ്യൻസ് ട്രോഫിയും നേടാനായി. ടെസ്റ്റിൽ മാത്രമാണ് തിരിച്ചടി നേരിട്ടത്. വനിതാ ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏകദിന ലോകകപ്പ് കിരീടം ഉയർത്താനായി.
മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളവും സംഭവ ബഹുലമാകും 2026. ഏറെ തിരിച്ചടികളും ഒടുവിൽ ഉയിർത്തെഴുന്നേൽപ്പും കണ്ട വർഷം. ടി 20 ടീമിൽ നിന്ന് ഓപ്പണർ സ്ഥാനം നഷ്ടമായതും ഒടുവിൽ ബെഞ്ചിലിരിക്കേണ്ടി വന്നതും 2025 ലാണ്.
എന്നാൽ ഏറ്റവുമൊടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി 20 യിലെ പ്രകടനത്തോടെ ഓപണർ സ്ഥാനം വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കയ്യിൽ നിന്നും തിരിച്ചുവാങ്ങാനും ടി 20 ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായും സ്ഥാനമുറപ്പിക്കാനും സാധിച്ചു. തന്റെ കരിയർ കെട്ടിപ്പടുത്ത രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചുവടുമാറിയതും പോയ വർഷത്തെ നിർണായക ഏടായി.
ഏതായാലും 2026 സഞ്ജുവിന്റെ കരിയറിന്റെ വിധിയെഴുതുന്ന വര്‍ഷമായിരിക്കും. ജനുവരിയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയാണ് ആദ്യ പരീക്ഷ. ശേഷം ടി 20 ലോകകപ്പ്. പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐപിഎല്‍, അതും സാക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയായി.
ശേഷം ഇംഗ്ലണ്ടിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും ടി 20 പരമ്പരകൾ ഉണ്ട്. ഇതിനോടപ്പം നടക്കുന്ന ഏകദിന പരമ്പരകളിലും സ്ഥാനം അവകാശപ്പെടാൻ സഞ്ജുവിന് സാധിച്ചേക്കും. ഏറെ കാലത്തെ അവഗണനയ്ക്കും കാത്തിരിപ്പുകൾക്കും ശേഷം ലഭിച്ച ഈ സുവർണ വർഷം സഞ്ജുവിന് മുതലാക്കാനാട്ടെ.
Content highlights: t20 world cup to ipl; sanju samson career best year will be 2026