

സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവോടെ ആഭ്യന്തര ക്രിക്കറ്റിന് പുതിയ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്. ഐ പി എല്ലിന്റെ ഗ്രാമർ ഇല്ലെങ്കിലും സെലക്ഷനും മറ്റും അടിസ്ഥാനമായി ആഭ്യന്തര ക്രിക്കറ്റിനെ തന്നെയാണ് ബി സി സി ഐ ഒരു പരിധി വരെ ആശ്രയിക്കുന്നത്.
ഇതിനകം ടെസ്റ്റിൽ നിന്നും ടി 20 യിൽ നിന്നും വിരമിച്ച രോഹിത്തും വിരാടും ഏകദിന ക്രിക്കറ്റിൽ തുടരാൻ വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ കളിക്കാനെത്തിയത്. 2027 ൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ ഏകദിനത്തിൽ തുടരണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ബി സി സി ഐ ഇരുവർക്കും നിർദേശം നൽകിയിരുന്നു. ഇരുവരും മികച്ച സെഞ്ച്വറികളോടെ തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.
ഇപ്പോഴിതാ ഇരുവർക്കും വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ലഭിക്കുന്ന വേതന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഐ പി എല്ലിൽ നിന്നും ലഭിക്കുന്ന കോടികളുടെ ഏഴയലത്ത് പോലും ഈ തുക വരുന്നില്ല എന്നാണ് വാസ്തവം.
വിജയ് ഹസാരെ ട്രോഫിയിലെ സാലറി സ്കെയിലിൽ ഇരുവരും സീനിയർ വിഭാഗത്തിലാണ് ഉൾപ്പെടുക. 40 ൽ കൂടുതൽ ലിസ്റ്റ് എ മത്സരങ്ങൾ കളിച്ച താരങ്ങൾ ഉൾപ്പെടുന്ന ഈ വിഭാഗത്തിന് ഒരു മത്സരത്തിന് ലഭിക്കുക 60 , 000 രൂപയാണ്. ദേശീയ ടീമിനൊപ്പം ഒരു ഏകദിന മത്സരം കളിക്കാൻ ഇരുവർക്കും നൽകുന്നത് ആറ് ലക്ഷം രൂപയുമാണ്.
Content Highlights: how much Virat Kohli, Rohit Sharma will get in Vijay Hazare Trophy