'ഇന്ത്യന്‍ താരങ്ങള്‍ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു'; ഐസിസിയെ സമീപിക്കാനൊരുങ്ങി മൊഹ്‌സിന്‍ നഖ്‌വി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങൾ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നിലവിലെ പാകിസ്താൻ അണ്ടർ 19 ടീം മെന്ററും മുൻ ക്യാപ്റ്റനുമായ സർഫറാസ് അഹമ്മദ് രം​ഗത്തെത്തിയിരുന്നു

'ഇന്ത്യന്‍ താരങ്ങള്‍ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു'; ഐസിസിയെ സമീപിക്കാനൊരുങ്ങി മൊഹ്‌സിന്‍ നഖ്‌വി
dot image

ഇന്ത്യയുടെ അണ്ടർ 19 ടീമിനെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി. അണ്ടർ‌ 19 ഏഷ‍്യാ കപ്പ് ഫൈനൽ മത്സരത്തിനിടെ പാകിസ്താൻ താരങ്ങളെ ഇന്ത‍്യൻ താരങ്ങൾ നിരന്തരമായി പ്രകോപിപ്പിച്ചെന്ന് ആരോപിച്ചാണ് നഖ്‌വി ഒദ്യോ​ഗികമായി ഐസിസിയെ സമീപിക്കാനൊരുങ്ങുന്നത്. അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങൾ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നിലവിലെ പാകിസ്താൻ അണ്ടർ 19 ടീം മെന്ററും മുൻ ക്യാപ്റ്റനുമായ സർഫറാസ് അഹമ്മദ് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഖ്‌വിയും ഇന്ത്യൻ ടീമിനെതിരെ തിരിഞ്ഞത്.

അണ്ടർ 19 ഏഷ്യാ കപ്പ് ജേതാക്കളായ പാകിസ്താൻ ടീമിന് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് നഖ്‌വിയുടെ പ്രതികരണം. അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ പാകിസ്താൻ താരങ്ങളെ ഇന്ത്യൻ താരങ്ങൾ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു. ഈ സംഭവത്തിൽ പാകിസ്താൻ ഔദ്യോഗികമായി ഐസിസിയെ അറിയിക്കും. രാഷ്ട്രീയവും കായികവും എപ്പോഴും വേർതിരിച്ചു നിർത്തണം', നഖ്‌വി പറഞ്ഞു.

ഡിസംബർ 21ന് ​ദുബായിൽ നടന്ന ഫൈനലിൽ‌ 191 റൺസിന് ഇന്ത്യൻ കൗമാരപ്പടയെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടമുയർത്തിയത്. ഇന്ത്യ-പാകിസ്താൻ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ നിരവധി നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മത്സരത്തിനിടെ പലപ്പോഴും ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയെ പുറത്താക്കിയതിന് ശേഷം പ്രകോപനപരമായ തരത്തിൽ ആഘോഷിച്ച പാക് പേസർ അലി റാസയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രകോപനം തുടർന്നതോടെ ആയുഷും റാസയ്ക്ക് നേരെ തിരിഞ്ഞിരുന്നു.

Also Read:

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശിയും അലി റാസയുമായി വാക്പോരിലേർപ്പെട്ടിരുന്നു. പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ വൈഭവിന് നേരേ റാസ ആക്രോശിക്കുകയായിരുന്നു. പാക് താരത്തിന്റെ പ്രകോപനം തുടർന്നതോടെ വൈഭവും റാസയ്ക്ക് നേരേ തിരിഞ്ഞു. തന്റെ ഷൂസിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുകയാണ് വൈഭവ് ചെയ്തത്.

മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്സിൻ നഖ്‍വിയെ ഇന്ത്യൻ താരങ്ങൾ അവ​ഗണിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യയുടെ വിജയത്തിലും ഇത് സംഭവിച്ചിരുന്നു. അന്ന് നഖ്‍വിയുടെ കയ്യിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ നഖ്‍വി ട്രോഫിയുമായി മുങ്ങുകയായിരുന്നു.

Content Highlights: Mohsin Naqvi to approach ICC over provocative behaviour from Indian players in U19 Asia Cup final

dot image
To advertise here,contact us
dot image