ശ്രേയസ് അയ്യർ റിട്ടേൺസ്! ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ

പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ശ്രേയസ് അയ്യർ ഇപ്പോൾ ബാറ്റിംഗ് പരിശീലനം പുനഃരാരംഭിച്ചു കഴിഞ്ഞു

ശ്രേയസ് അയ്യർ റിട്ടേൺസ്! ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ
dot image

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ശ്രേയസ് അയ്യർ ഇപ്പോൾ ബാറ്റിംഗ് പരിശീലനം പുനഃരാരംഭിച്ചു കഴിഞ്ഞു. ന്യൂസിലൻഡിനെതിരെ വരാനിരിക്കുന്ന പരമ്പരയിൽ ഏകദിന വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് കളിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 11-ന് വഡോദരയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.

ന്യൂസിലാൻഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി താരം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനിറങ്ങുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി മൂന്നിന് ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ശ്രേയസ് കളിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ബിസിസിഐയുടെ ബെംഗളൂരുവിലെ സെന്‍റര്‍ ഫോര്‍ എക്സലന്‍സില്‍ പരിശീലനത്തിലാണ് താരം. ചൊവ്വാഴ്ച വരെ താരം ബെംഗളൂരുവില്‍ തുടരുമെന്നും പിന്നീട് ജനുവരി രണ്ടിന് ജയ്പൂരിലെത്തി മുംബൈ ടീമിനൊപ്പം ചേരും. മൂന്നിനും ആറിനും നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ ശ്രേയസ് കളിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്‌സ്‌ കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ​ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവിൽ നിന്ന് മാറ്റിയ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

Content Highlights:Shreyas Iyer Set To Return For IND vs NZ ODI Series says Report

dot image
To advertise here,contact us
dot image