

കൊച്ചി: വെങ്ങോല പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസ് അംഗം ഷെഫീത ഷെരീഫിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷെമീത ഷെരീഫിന് ഒമ്പത് വോട്ടാണ് ലഭിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി എല്‍സി എല്‍ദോസിന് എട്ട് വോട്ടുകളാണ് ലഭിച്ചത്. ട്വന്റി 20യും എസ്ഡിപിഐയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്ഡിപിഐ അംഗം എത്തിയെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. മലപ്പുറത്തെ തിരുവാലിയിൽ യുഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. താരിയൻ തുമയാണ് പ്രസിഡന്റ്. എട്ടിനെതിരെ 11 വോട്ടിനാണ് യുഡിഎഫ് ജയം.
അതേസമയം കോട്ടയം ജില്ലയിലെ എരുമേലിയില്‍ എല്‍ഡിഎഫ് വിജയിച്ചു. 22ാം വാര്‍ഡിലെ അംഗം അമ്പിളി സജീവനാണ് പ്രസിഡന്റ്. പ്രസിഡന്റ് സീറ്റ് പട്ടിക വര്‍ഗ സംവരണമായിരുന്നു. ഭൂരിപക്ഷം ഉണ്ടായിട്ടും സംവരണ വിഭാഗത്തില്‍ യുഡിഎഫിന് ജയിച്ചവര്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ആലപ്പുഴ ജില്ലയിലെ വിയപുരത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ പി ഓമനയെ തിരഞ്ഞെടുത്തു
കോറം തികയാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു
ആകെയുള്ള 14 സീറ്റിൽ ആറ് യുഡിഎഫ്, 5 എൽഡിഎഫ്, മൂന്ന് ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സ്ത്രീ സംവരണം ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.
യുഡിഎഫിൽ നിന്ന് ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല. ഇതോടെയാണ് ഭൂരിപക്ഷമില്ലാതിരുന്നിട്ടും എല്‍ഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
നെടുമുടിയിൽ എല്‍ഡിഎഫിനാണ് ജയം. നെടുമുടി പഞ്ചായത്ത് പ്രസിഡന്റായി പി കെ വിനോദിനെ തെരഞ്ഞെടുത്തു. സിപിഐഎമ്മിലെ പ്രാദേശിക എതിർപ്പിനെ തുടര്‍ന്ന് ചില മെമ്പർമാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. സിപിഐഎം നേതൃത്വം ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചതോടെയാണ് ഇന്ന് അംഗങ്ങൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയത്
കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പത് വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്.
ഇതിനിടെ അട്ടപ്പാടിയില്‍ അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മഞ്ജു രാജിവെച്ചു. അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗമായി വിജയിച്ച മഞ്ജു എല്‍ഡിഎഫ് പഞ്ചായത്ത് അധ്യക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയായിരുന്നു. വന്‍ പ്രതിഷേധമാണ് മഞ്ജുവിനെതിരെ അഗളിയില്‍ ഉയര്‍ന്നത്.
സിറോ മലബാര്‍ സഭ വൈദികന്‍ ഉള്‍പ്പെടെ മഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു. മഞ്ജുവിനെതിരെ ശക്തമായ നടപടിയിലേക്ക് കോണ്‍ഗ്രസ് കടക്കാന്‍ ഇരിക്കവെയാണ് നടപടി. ഇന്ന് വൈകുന്നേരം വരെ മഞ്ജുവിന് തിരുത്താന്‍ സമയം നല്‍കുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ അറിയിച്ചിരുന്നു.
Content Highlights: UDF won in Vengola and LDF won in Erumeli