ഗാലറിയിൽ നിന്ന് ഒറ്റക്കൈ കൊണ്ടൊരു ക്യാച്ച്; ആരാധകന് ലഭിച്ചത് ഒരു കോടി !!!

മത്സരത്തില്‍ സെഞ്ച്വറി കുറിച്ച റിയാന്‍ റിക്കിള്‍ട്ടന്‍റെ ക്യാച്ചാണ് ആരാധകന്‍ എടുത്തത്

ഗാലറിയിൽ നിന്ന് ഒറ്റക്കൈ കൊണ്ടൊരു ക്യാച്ച്; ആരാധകന് ലഭിച്ചത് ഒരു കോടി !!!
dot image

ആരാധകരെ ത്രസിപ്പിച്ച് ക്രിക്കറ്റ് ഗാലറികളിലേക്ക് പറന്നിറങ്ങുന്ന ക്യാച്ചുകൾ കണ്ടിട്ടില്ലേ? ചിലപ്പോഴൊക്കെ കാണികളില്‍ ചിലർ അത് കൈപ്പിടിയിലാക്കാറുമുണ്ട്. അങ്ങനെ ക്യാച്ചെടുക്കുന്നവർക്ക് കൈനിറയെ പണം കിട്ടിയാലോ. ഒന്നും രണ്ടും ലക്ഷമൊന്നുമല്ല. ഒരു കോടി രൂപ !!

സൗത്ത് ആഫ്രിക്കൻ ടി20 ലീഗിൽ ഇന്നലെ നടന്ന ഡർബൻ സൂപ്പർ ജയന്റ്‌സ് എം.ഐ കേപ്ടൗൺ പോരാട്ടത്തിലെ ഒരു ക്യാച്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഡർബൻ സൂപ്പർ ജയന്റ്‌സ് 233 റൺസിന്റെ വിജയലക്ഷ്യമാണ് കേപ്ടൗണിന് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരം റിയാൻ റിക്കിൾട്ടൺ എരിഞ്ഞു കത്തി.

13ാം ഓവർ എറിഞ്ഞ മഫാക്കയുടെ നാലാം പന്തിനെ റിക്കിൽട്ടൺ ഗാലറിയിലേക്ക് പറത്തി. ആ പന്താണ് ഗാലറിയിലിരുന്ന ഒരു ആരാധകൻ ഒറ്റക്കൈ കൊണ്ട് പിടിച്ചത്. ക്യാച്ചിന് ശേഷം കൂടെയുണ്ടായിരുന്നവരൊക്കെ ആരാധകനെ ആലിംഗനം ചെയ്യുന്നതും അഭിനന്ദിക്കുന്നതും കാണാമായിരുന്നു. കാരണം അയാൾക്ക് ഇനി ലഭിക്കാൻ പോവുന്നത് ഒരു കോടി രൂപയാണ്.

ലീഗ് പ്രൊമോഷന്റെ ഭാഗമായി എസ്.എ ടി20 യിൽ നടപ്പിലാക്കിയ പുതിയ കോണ്ടസ്റ്റ് ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഗാലറിയിൽ വച്ച് ഒറ്റക്കയ്യിൽ ക്യാച്ചെടുക്കുന്നവരെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്.

മത്സരത്തിൽ റിയാൻ റിക്കിൽട്ടൺ സെഞ്ച്വറി കുറിച്ചെങ്കിലും കേപ്ടൗണിനെ വിജയതീരമണക്കാനായില്ല. 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസിന് കേപ്ടൗണിന്റെ പോരാട്ടം അവസാനിച്ചു. 15 റൺസിനാണ് ഡർബൻ ജയം കുറിച്ചത്.

dot image
To advertise here,contact us
dot image