പിന്നെങ്ങനെ ജയിക്കാനാ!; ഒമ്പതിൽ ആറ് ദിവസവും മദ്യപാനം; ആഷസിൽ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ ആരോപണം

കളിക്കാരുടെ മദ്യപാനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ടീം മാനേജര്‍ റോബ് കീ വ്യക്തമാക്കി

പിന്നെങ്ങനെ ജയിക്കാനാ!; ഒമ്പതിൽ ആറ് ദിവസവും മദ്യപാനം; ആഷസിൽ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ ആരോപണം
dot image

ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റ് പരമ്പരയും നഷ്ടമായി നിൽക്കുന്ന ഇംഗ്ലണ്ട് ടീമിനെ കൂടുതൽ വെട്ടിലാക്കി ബി ബി സിയുടെ പുതിയ ആരോപണം. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനുമിടയിലെ 9 ദിവസത്തെ ഇടവേളയില്‍ ഇംഗ്ലണ്ട് താരങ്ങൾ 6 ദിവസവും ഹോട്ടലില്‍ മദ്യപാനത്തിലായിരുന്നുവെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം ടെസ്റ്റ് അവസാനിച്ച ഡിസംബര്‍ 7 മുതല്‍ മൂന്നാം ടെസ്റ്റ് തുടങ്ങിയ ഡിസംബര്‍ 17വരെ 9 ദിവസത്തെ ഇടവേളയായിരുന്നു ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് ടീമില ചില താരങ്ങൾ ബ്രിസ്ബേനിലെ രണ്ടാം ടെസ്റ്റിലെ തോല്‍വിക്കുശേഷം തുടർച്ചയായ ദിവസങ്ങളിൽ നിരന്തരം മദ്യപാനത്തിൽ ഏർപ്പെട്ടതായും താമസ സ്ഥലമായ നൂസ റിസോര്‍ട്ടിന് സമീപത്തുളള റോഡരികില്‍ പോലും ഇരുന്ന് താരങ്ങള്‍ മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇംഗ്ലണ്ട് താരങ്ങള്‍ ഇടവേളയെടുത്തതിനെ ടീം മാനേജര്‍ റോബ് കീ ന്യായീകരിച്ചെങ്കിലും കളിക്കാരുടെ മദ്യപാനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കി. കളിക്കാര്‍ അമിതമായി മദ്യപിച്ചുവെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ അക്കാര്യം തീര്‍ച്ചയായും അന്വേഷിക്കുമെന്നും വ്യക്തിപരമായി താന്‍ മദ്യപിക്കാറില്ലെന്നും ടീം അംഗങ്ങള്‍ അമിതമായി മദ്യപിക്കുന്നത് ഒരു രാജ്യാന്തര ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ശരിയായ കാര്യമായി തോന്നുന്നില്ലെന്നും റോബ് കീ പറഞ്ഞു.

ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളിലും സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 0-3ന് പിന്നിലാണിപ്പോള്‍. പരമ്പരയിലെ നാലാം ടെസ്റ്റ് 26ന് മെല്‍ബണില്‍ ആരംഭിക്കും.

Content Highlights: 6 Days Of Drinking In 9-Day Break: Report, England's Mid-Ashes Vacation

dot image
To advertise here,contact us
dot image