

ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമിച്ചു നൽകിയ 'സ്വപ്നഭവനം 2025' പദ്ധതിയുടെ താക്കോൽദാനം നടന്നു. കോന്നി മെഡിക്കൽ കോളേജിന് സമീപം നിർമിച്ച വീടിൻ്റെ താക്കോൽദാനം കോന്നി എംഎൽഎ അഡ്വ. കെയു ജനീഷ് കുമാർ നിർവഹിച്ചു.
ബഹ്‌റൈനിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്ന, അസോസിയേഷൻ തിരഞ്ഞെടുത്ത നിർദ്ധനയായ ഒരു പ്രവാസി സഹോദരിക്കാണ് സംഘടന ഈ വീട് നിർമിച്ച് നൽകിയത്. പ്രവാസ ലോകത്തെ സുമനസുകളുടെ സഹായത്തോടെയാണ് ഈ കാരുണ്യപദ്ധതി യാഥാർത്ഥ്യമായത്.
താക്കോൽദാന ചടങ്ങിൽ അസോസിയേഷൻ്റെയും സാമൂഹിക-രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുത്തു. വിഷ്ണു വി. (അസോസിയേഷൻ പ്രസിഡന്റ്), സുനു കുരുവിള (ജനറൽ സെക്രട്ടറി), മോനി ഒടികണ്ടത്തിൽ (സീനിയർ എക്സിക്യൂട്ടീവ് അംഗം), ഷീലു വർഗീസ് (സീനിയർ എക്സിക്യൂട്ടീവ് അംഗം).
ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് 'പാപ്പാ സ്വപ്നഭവനം'. സ്വന്തമായി ഒരു വീടെന്ന സഹപ്രവർത്തകയുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് അസോസിയേഷൻ പ്രവർത്തകർ. നാട്ടിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Content Highlights: Pappa Bahrain Hands Over Keys for 'Dream House 2025' in Pathanamthitta