അണ്ടർ 19 ഏഷ്യാ കപ്പ്; ഫൈനലിന് ശേഷം മൊഹ്സിൻ നഖ്‍വിയെ മൈൻഡ് ചെയ്യാതെ ഇന്ത്യൻ താരങ്ങൾ

മത്സരത്തിന് ശേഷം പാക് താരങ്ങൾക്കൊപ്പം വിജയമാഘോഷിക്കുന്ന നഖ്‍വിയുടെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

അണ്ടർ 19 ഏഷ്യാ കപ്പ്; ഫൈനലിന് ശേഷം മൊഹ്സിൻ നഖ്‍വിയെ മൈൻഡ് ചെയ്യാതെ ഇന്ത്യൻ താരങ്ങൾ
dot image

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്സിൻ നഖ്‍വിയെ അവ​ഗണിച്ച് ഇന്ത്യൻ താരങ്ങൾ. കലാശപ്പോരിന് ശേഷം സമ്മാനദാനച്ചടങ്ങിനെത്തിയപ്പോഴാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനെ ഇന്ത്യൻ‌ കളിക്കാർ അവ​ഗണിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യയുടെ വിജയത്തിലും ഇത് സംഭവിച്ചിരുന്നു. അന്ന് നഖ്‍വിയുടെ കയ്യിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ നഖ്‍വി ട്രോഫിയുമായി മുങ്ങി. ഇക്കുറി പാകിസ്താന്റെ വിജയത്തോടെ അതൊഴിവായി.

ഇന്ത്യൻ ബാറ്റർമാർക്കെതിരെ പാകിസ്താൻ ബോളർമാരുടെ ആധിപത്യം സ്റ്റാന്റിൽ ഇരുന്ന് ആഘോഷമാക്കുന്ന നഖ്വിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ നേരത്തേ ആഘോഷമാക്കിയിരുന്നു. പിന്നീട് സമ്മാനദാനച്ചടങ്ങിലും ഇത് തുടർന്നു. മത്സരത്തിന് ശേഷം പാക് താരങ്ങൾക്കൊപ്പം വിജയമാഘോഷിക്കുന്ന നഖ്‍വിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു.

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ 191 റൺസിന്റെ കൂറ്റൻ ജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 348 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 156 റൺസിന് കൂടാരം കയറി. പാകിസ്താനായി സെഞ്ച്വറി കുറിച്ച സമീർ മിൻഹാസാണ് കളിയിലെ താരം. 113 പന്തിൽ 172 റൺസാണ് മിൻഹാസ് അടിച്ചെടുത്തത്. 56 റൺസെടുത്ത അഹ്‌മദ് ഹുസൈന്റെ ഇന്നിങ്‌സും പാക് വിജയത്തിൽ നിർണായകമായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കായി ആർക്കും തിളങ്ങാനായില്ല. 36 ൺസെടുത്ത ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

dot image
To advertise here,contact us
dot image