

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിരുന്നു. വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോൾ അക്സര്‍ പട്ടേലിനാണ് വൈസ് ക്യാപ്റ്റൻസി നൽകിയത്.
മികച്ച ഫോമിൽ ബാറ്റുവീശുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ തഴഞ്ഞാണ് വൈസ് ക്യാപ്റ്റൻസി അക്സറിന് നൽകിയത്. ഹാർദിക് പാണ്ഡ്യയും പേസർ ജസ്പ്രീത് ബുംറയും ഇതിന് മുൻപ് ടി20 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹാർദിക്കിനെയും ബുംറയെയും മറികടന്ന് അക്സർ പട്ടേലിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയതിനെ കുറിച്ച് വിശദീകരിക്കുകയാണ് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ.
ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടി20 ടീമിലേക്ക് വരുന്നതിനു മുൻപുതന്നെ അക്സര്‍ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റനെന്നാണ് അഗാർക്കർ പറഞ്ഞ ന്യായീകരണം. 'ശുഭ്മന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. പക്ഷേ അദ്ദേഹം ഇപ്പോള്‍ ടീമിലില്ല. അപ്പോള്‍ മറ്റൊരാള്‍ വൈസ് ക്യാപ്റ്റന്‍സി ഏറ്റെടുക്കണം. ടെസ്റ്റ്, ഏകദിന മത്സരങ്ങളെ തുടര്‍ന്ന് ഗില്‍ ടി20 ടീമിന്റെ ഭാഗമല്ലാതിരുന്ന കാലത്തുപോലും അക്സറായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍', അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന് കിഷൻ.
Content Highlights: Ajit Agarkar about Axar Patel appointed vice-captain instead of Hardik Pandya In T20 World Cup