'ഗംഭീര്‍ ഏറ്റവും മികച്ച കോച്ചും നല്ല മനുഷ്യനും'; വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണയുമായി അഫ്ഗാന്‍ താരം

ഇന്ത്യയിലെ കുറച്ചു പേര്‍ ഗംഭീറിനെതിരായിരിക്കാമെന്നും എന്നാല്‍ വിമർശനങ്ങളിൽ ഒരു അർത്ഥവുമില്ലെന്നും താരം അഭിപ്രായപ്പെട്ടു

'ഗംഭീര്‍ ഏറ്റവും മികച്ച കോച്ചും നല്ല മനുഷ്യനും'; വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണയുമായി അഫ്ഗാന്‍ താരം
dot image

സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ടീം തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ വലിയ വിമർശനം നേരിടുകയാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും വൈറ്റ് വാഷ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ​ഗംഭീറിനെതിരെ വിമർ‌ശനം ശക്തമായത്. എന്നാൽ വിമർശനങ്ങൾ ഉയരുന്ന ഘട്ടത്തിലും ഇന്ത്യൻ കോച്ചിനെ പിന്തുണച്ചും പ്രശംസിച്ചും രം​ഗത്തെത്തിയിരിക്കുകയാണ് അഫ്​ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുര്‍ബാസ്.

മറ്റുള്ളവർ പറയുന്നതു പോലെയല്ല കാര്യങ്ങളെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകനും മനുഷ്യനും ഗംഭീറാണെന്നാണ് റഹ്മാനുള്ള ഗുര്‍ബാസ് പറയുന്നത്. ഇന്ത്യയിലെ കുറച്ചു പേര്‍ അദ്ദേഹത്തിനെതിരായിരിക്കാമെന്നും വിമർശനങ്ങളിൽ ഒരു അർത്ഥമില്ലെന്നും ഗുര്‍ബാസ് തുറന്നുപറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീ​​ഗിൽ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഗംഭീര്‍ മെന്ററായിരുന്നപ്പോള്‍ ടീമിലെ ഓപ്പണിങ് ബാറ്ററായി കളിച്ച താരമാണ് ഗുര്‍ബാസ്.

'എന്റെ കരിയറിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകനാണ് ​ഗംഭീർ. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനും മെന്ററും ​ഗംഭീറാണ്. അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്. ഇന്ത്യയില്‍ 1.4 ബില്യൺ ആളുകളുണ്ടെങ്കിൽ, 2-3 ദശലക്ഷം പേർ ​ഗംഭീറിനെ എതിർക്കുന്നവരായിരിക്കാം. അവരെക്കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ബാക്കിയെല്ലാവരും ഗൗതം സാറിനും ഇന്ത്യന്‍ ടീമിനുമൊപ്പമാണ്', പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗുര്‍ബാസ് പറഞ്ഞു.

'ഗൗതം സാറിന്റെ കീഴിലാണ് ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയും ടി20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പും സ്വന്തമാക്കിയത്. ധാരാളം പരമ്പര നേട്ടങ്ങളും അദ്ദേഹത്തിനുണ്ട്. ഒരു പരമ്പരയിലെ തോല്‍വി കൊണ്ടുമാത്രം അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല.', ഗുര്‍ബാസ് കൂട്ടിച്ചേർ‌ത്തു.

Content Highlights: "Best coach and human being"; Afghanistan's Rahmanullah Gurbaz Supports Gautam Gambhir

dot image
To advertise here,contact us
dot image