

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പിങ്ക് ബോൾ ടെസ്റ്റ് ഉൾപ്പെടുത്തിയതിൽ ചോദ്യവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോ റൂട്ട്. ഓസ്ട്രേലിയയ്ക്ക് പിങ്ക് ബോൾ ടെസ്റ്റിൽ മികച്ച റെക്കോർഡുണ്ട്. പ്രത്യേകിച്ച് സ്വന്തം മണ്ണിൽ കളിക്കുമ്പോൾ. അതുകൊണ്ടാവും ആഷസ് പരമ്പരയിൽ ഇത്തരമൊരു മത്സരം കളിക്കേണ്ടിവരുന്നതെന്ന് റൂട്ട് പറഞ്ഞു.
'ഓസ്ട്രേലിയയിൽ പിങ്ക് ബോൾ ടെസ്റ്റ് വളരെ പ്രസിദ്ധമാണ്. പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് സ്വന്തം നാട്ടിൽ നല്ല റെക്കോർഡാണുള്ളത്. അപ്പോൾ ഓസ്ട്രേലിയയ്ക്ക് വിജയിക്കാനാവും അത്തരമൊരു ടെസ്റ്റ് കളിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും. ആഷസ് ട്രോഫി രണ്ട് വർഷത്തെ പരമ്പരയാണ്. അതിനാൽ പിങ്ക് ബോൾ ടെസ്റ്റ് പരമ്പരയുടെ ഫലത്തെ ബാധിക്കും', ജോ റൂട്ട് സ്കൈ സ്പോർട്സിനോട് പറഞ്ഞു.
'ആഷസ് പരമ്പരയിൽ ഇത്തരമൊരു ടെസ്റ്റിന്റെ ആവശ്യമുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ പിങ്ക് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എനിക്ക് അഭിപ്രായമില്ല.' ജോ റൂട്ട് വ്യക്തമാക്കി.
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഡിസംബർ നാലിന് ബ്രിസ്ബെയ്നിൽ തുടക്കമാകും. പിങ്ക് ബോളിലാണ് ഈ മത്സരം നടക്കുക. ഇതുവരെ പിങ്ക് ബോളിൽ നടന്ന 14 ടെസ്റ്റുകളിൽ 13ലും ഓസ്ട്രേലിയ വിജയിച്ചിരുന്നു. ആഷസിൽ ആദ്യ ടെസ്റ്റിലും ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. പരമ്പര സമനിലയിൽ പിടിക്കാൻ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.
Content Highlights: Joe Root questions need for pink-ball Test