കോഹ്‍ലി-രോഹിത്ത് സെഞ്ച്വറി കൂട്ടുകെട്ട് 20-ാം തവണ; ഇനി മുന്നിലുള്ളത് സച്ചിൻ-​ഗാം​ഗുലി സഖ്യം

മത്സരത്തിൽ ഇന്ത്യ 17 റൺസിന് വിജയിച്ചു

കോഹ്‍ലി-രോഹിത്ത് സെഞ്ച്വറി കൂട്ടുകെട്ട് 20-ാം തവണ; ഇനി മുന്നിലുള്ളത് സച്ചിൻ-​ഗാം​ഗുലി സഖ്യം
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുകയാണ് ഇരുവരും. ഇത് 20-ാം തവണയാണ് കോഹ്‍ലി-രോഹിത് സഖ്യം ഇന്ത്യയ്ക്കായി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത്. ശ്രീലങ്കൻ മുൻ താരങ്ങളായ കുമാർ സം​ഗക്കാര - തിലകരത്നെ ദിൽഷൻ സഖ്യവും ഏകദിന ക്രിക്കറ്റിൽ 20 തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഈ നേട്ടത്തിനൊപ്പമെത്താൻ കോഹ്‍ലി-രോഹിത് സഖ്യത്തിന് സാധിച്ചു.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതും രണ്ട് ഇന്ത്യൻ താരങ്ങളാണ്. മുൻ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ-സൗരവ് ​ഗാം​ഗുലി സഖ്യം ഏകദിന ക്രിക്കറ്റിൽ 26 തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 51 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതം 57 റൺസാണ് രോഹിത് നേടിയത്. കോഹ്‍ലിയോടൊപ്പം രണ്ടാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് രോഹിത് പുറത്തായത്. അഞ്ചാമനായി കോഹ്‍ലി പുറത്താകുമ്പോൾ 120 പന്തിൽ 11 ഫോറും ഏഴ് സിക്സറും സഹിതം 135 റൺസ് നേടിയിരുന്നു.

മത്സരത്തിൽ ഇന്ത്യ 17 റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Content Highlights: Rohit-Kohli scored 20th century stand in ODI cricket

dot image
To advertise here,contact us
dot image