

പാലക്കാട്: യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിൽ അപ്രത്യക്ഷനായി. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുന്ന സമയത്ത് പാലക്കാട് കണ്ണാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ പരാതി നൽകിയതിന് പിന്നാലെ രാഹുൽ അപ്രത്യക്ഷനാവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായോ അദ്ദേഹത്തിൻ്റെ പേഴ്സണൽ അസിസ്റ്റുമായോ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യമാണുള്ളത്. യുവതി പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് അടച്ച നിലയിലാണ്. പരാതി വന്നതിന് പിന്നാലെ അപ്രത്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ പിന്നാലെ താൻ നിരപരാധിയാണെന്ന നിലയിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും എന്നായിരുന്നു രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതി മുഖ്യമന്ത്രി സ്വീകരിച്ചതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്‌സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.
Content Highlights: Rahul Mamkootathil disappears after woman's complaint; MLA office in Palakkad closed