

വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിൽ ഇന്ത്യയുടെ മലയാളി താരം ആശ ശോഭനയ്ക്ക് പുതിയ ടീം. യു പി വാരിയേഴ്സാണ് ആശ ശോഭനയെ ലേലത്തിൽ സ്വന്തമാക്കിയത്. 1.10 കോടി രൂപയ്ക്കാണ് താരത്തെ യു പി വാരിയേഴ്സ് സ്വന്തമാക്കിയത്. മുൻ സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായിരുന്നു ആശ ശോഭന.
30 ലക്ഷം രൂപയായിരുന്നു താരലേലത്തിൽ ആശയുടെ അടിസ്ഥാന വില. ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകളും ആശയെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ തുടക്കം മുതൽ താരത്തിനായി രംഗത്തുണ്ടായിരുന്ന യു പി വാരിയേഴ്സ് ഒരു ഘട്ടത്തിലും പിന്നോട്ടുപോയില്ല.
വനിതാ പ്രീമിയർ ലീഗിൽ രണ്ട് സീസണുകളിൽ ആശ ആർസിബിയുടെ താരമായിരുന്നു. 15 മത്സരങ്ങളിൽ നിന്നായി 17 വിക്കറ്റുകളാണ് ആശയുടെ സമ്പാദ്യം. 2024ൽ ആർസിബിക്കൊപ്പം വനിതാ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി. ഇന്ത്യൻ ദേശീയ ട്വന്റി 20 ടീമിലും ആശ സ്ഥിരം സാന്നിധ്യമാണ്.
വനിത പ്രീമിയർ ലീഗ് താരലേലം പുരോഗമിക്കുകയാണ്. ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയാണ് ഇതുവരെയുള്ളതിൽ വലിയ വില സ്വന്തമാക്കിയിരിക്കുന്നത്. 3.20 കോടി രൂപയ്ക്ക് താരത്തെ ആർടിഎം കാർഡ് ഉപയോഗിച്ച് യുപി വാരിയേഴ്സ് നിലനിർത്തി. ന്യൂസിലാൻഡ് ഓൾറൗണ്ടർ അമേലിയ കേറിനെ മൂന്ന് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് വനിതാ ടീമും സ്വന്തമാക്കി.
Content Highlights: Asha Sobhana to UPW at 1.1CR