ഒരു സെഞ്ച്വറിയടിച്ചതാണോ സഞ്ജു ചെയ്ത തെറ്റ്? ടീമില്‍ നിന്ന് വീണ്ടും തഴഞ്ഞതിന് പിന്നാലെ വിമര്‍ശിച്ച് ആരാധകർ

റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറേലിനെയാണ് ടീമിലുൾപ്പെടുത്തിയത്

ഒരു സെഞ്ച്വറിയടിച്ചതാണോ സഞ്ജു ചെയ്ത തെറ്റ്? ടീമില്‍ നിന്ന് വീണ്ടും തഴഞ്ഞതിന് പിന്നാലെ വിമര്‍ശിച്ച് ആരാധകർ
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. കെ എല്‍ രാഹുല്‍ നയിക്കുന്ന ഇന്ത്യന്‍ സക്വാഡില്‍ മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡുള്ള റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറേലിനെയാണ് ടീമിലുൾപ്പെടുത്തിയത്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയിലും സഞ്ജുവിന് പകരം ജുറേലിനാണ് അവസരം കിട്ടിയത്.

അവസാനം കളിച്ച ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിന് പിന്നീടൊരിക്കലും ടീമിൽ ഇടംലഭിച്ചിട്ടില്ല. 2023 ഡിസംബര്‍ 21-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സഞ്ജു സാംസണ്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിന മത്സരം കളിച്ചത്. ആ മത്സരത്തില്‍ തകർപ്പൻ സെഞ്ച്വറിയും സഞ്ജു അടിച്ചെടുത്തു. 114 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 108 റണ്‍സെടുത്ത സഞ്ജുവിന്റെ ഏക ഏകദിന സെഞ്ച്വറി കൂടിയായിരുന്നു അത്. 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സെടുത്ത സഞ്ജുവിനെ പിന്നെ ഇന്ത്യൻ ടീമിൽ കണ്ടിട്ടില്ല.

തുടർച്ചയായി സഞ്ജുവിനെ തഴയുന്ന ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ ശക്തമായ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. 'ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ സഞ്ജു സാംസണിന്റെ പേര് കാണുന്നില്ല, സഞ്ജു അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടുകയും മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയം ജയിച്ചു, സഞ്ജു സാംസണ്‍ തോറ്റു', എന്നാണ് ഒരു പോസ്റ്റ്. ഏകദിനത്തില്‍ റിഷഭ് പന്തിന് മോശം റെക്കോര്‍ഡാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം എന്നിട്ടും ബിസിസിഐ എപ്പോഴും സഞ്ജുവിനേക്കാള്‍ പന്തിനെയാണ് പിന്തുണയ്ക്കുന്നത്. ഇന്ത്യന്‍ സെലക്ഷന്‍ പ്രക്രിയയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെടുന്നുവെന്നും പോസ്റ്റുകളുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍.

Content Highlights: "Justice for Sanju Samson": Social media explodes after Rishabh Pant returns in ODIs

dot image
To advertise here,contact us
dot image