അണ്‍'ബ്രൂക്ക'ബിള്‍ ഇംഗ്ലണ്ട്! നിർണായക സെഞ്ച്വറിയുമായി ക്യാപ്റ്റൻ, സൂപ്പര്‍ എട്ടില്‍ പാകിസ്താന് പരാജയം

പാകിസ്താനെതിരായ വിജയത്തോടെ ലോകകപ്പില്‍ സെമി ഫൈനലിന് യോഗ്യത നേടാനും ഇംഗ്ലണ്ടിന് സാധിച്ചു

അണ്‍'ബ്രൂക്ക'ബിള്‍ ഇംഗ്ലണ്ട്! നിർണായക സെഞ്ച്വറിയുമായി ക്യാപ്റ്റൻ, സൂപ്പര്‍ എട്ടില്‍ പാകിസ്താന് പരാജയം
dot image

2026 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്താന് പരാജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ നിര്‍ണായക സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് തുണയായത്. പാകിസ്താനെതിരായ വിജയത്തോടെ ലോകകപ്പില്‍ സെമി ഫൈനലിന് യോഗ്യത നേടാനും ഇംഗ്ലണ്ടിന് സാധിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. പാകിസ്താന് വേണ്ടി ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടി. 45 പന്തില്‍ 63 റണ്‍സെടുത്ത ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ നിര്‍ണായക സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചത്. 51 പന്തുകളില്‍ 100 റണ്‍സ് നേടിയാണ് ബ്രൂക്ക് പുറത്തായത്. ബ്രൂക്കിന് പുറമെ 28 റണ്‍സെടുത്ത വില്‍ ജാക്സും 16 റണ്‍സെടുത്ത സാം കറനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

19-ാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് നവാസ് പാകിസ്താന് വീണ്ടും പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഇംഗ്ലണ്ട് ആ സമ്മർദ്ദം അതിജീവിച്ചു. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ വിജയം കുറിച്ചു. ഇതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തിലാണുള്ളത്.

Content Highlights: T20 World Cup 2026 Super 8: Harry Brook's Century seals semifinal spot as England defeat Pakistan by 2 wickets

dot image
To advertise here,contact us
dot image