

ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കമായിരിക്കുകയാണ്. ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാണക്കേടിന്റെ ഒരു റെക്കോർഡ് കുറിച്ചു. ആഷസ് ചരിത്രത്തിലെ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഏറ്റവും ചെറിയ ഒന്നാം ഇന്നിങ്സാണ് ഇന്നത്തേത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ടീമിന് ബാറ്റ് ചെയ്യാൻ സാധിച്ചത് വെറും 197 പന്തുകൾ മാത്രമാണ്.
1887ൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ വെറും 143 പന്തുകൾ മാത്രമാണ് കളിച്ചത്. ആഷസിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ചെറിയ ഒന്നാം ഇന്നിങ്സ് ഈ മത്സരത്തിലാണുണ്ടായത്.
ഓസ്ട്രേലിയയിൽ നടന്ന ആഷസ് ചരിത്രത്തിൽ ഏറ്റവും ചെറിയ മൂന്നാമത്തെ ഇന്നിങ്സാണ് ഇംഗ്ലണ്ട് ഇന്ന് കളിച്ചത്. 1887ൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ വെറും 143 പന്തുകൾ മാത്രം നേരിട്ടിരുന്നു. സമാനമായി 1902ൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 193 പന്തുകൾ നേരിട്ട് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു.
അതിനിടെ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് ആവേശകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റൺസിൽ എല്ലാവരും പുറത്തായി. ഏഴ് വിക്കറ്റെടുത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർകാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഏകദിന ക്രിക്കറ്റിന്റെ ശൈലിയിൽ ബാറ്റുവീശിയ ഇംഗ്ലണ്ട് ടീമിന് ആദ്യ ഇന്നിങ്സിൽ 32.5 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയും തകർച്ച നേരിടുകയാണ്. ഇന്നിങ്സ് 27 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തിട്ടുണ്ട്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 39 റൺസിനിടെ ഇംഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോൾ ബെൻ ഡക്കറ്റ് 21 റൺസ് നേടിയും പുറത്തായി. പിന്നാലെ ഒലി പോപ്പും ഹാരി ബ്രൂക്കും ക്രീസിലൊന്നിച്ചതോടെ ഇംഗ്ലണ്ട് സ്കോർ മുന്നോട്ട് നീങ്ങി. എങ്കിലും 46 റൺസെടുത്ത ഒലി പോപ്പിനെ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് കാമറൂൺ ഗ്രീൻ പുറത്താക്കി.
രണ്ടാം സെഷനിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആറ് റൺസോടെ പുറത്തായി. പിന്നാലെ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് ബ്രൂക്ക് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 61 പന്തിൽ അഞ്ച് ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 52 റൺസാണ് ബ്രൂക്ക് അടിച്ചെടുത്തത്. താരത്തെ പുറത്താക്കി ഓസ്ട്രേലിയൻ പേസർ ബ്രണ്ടൻ ഡോഗെറ്റ് ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി.
ബ്രൂക്കിന് പിന്നാലെ ഇംഗ്ലണ്ട് അതിവേഗം ഓൾഔട്ടായി. അവസാന അഞ്ച് വിക്കറ്റിൽ വെറും 12 റൺസാണ് ഇംഗ്ലണ്ടിന് നേടാനായത്. 33 റൺസെടുത്ത ജാമി സ്മിത്തിന്റെ സംഭാവന ഇംഗ്ലണ്ട് ഇന്നിങ്സിൽ നിർണായകമായി. ഓസ്ട്രേലിയൻ ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക് ഏഴും ബ്രണ്ടൻ ഡോഗെറ്റ് രണ്ട് വിക്കറ്റും വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് കാമറൂൺ ഗ്രീനാണ് സ്വന്തമാക്കിയത്.
Content Highlights: Second Shortest 1st innings of England in an Ashes