

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയൻ ഇന്നിങ്സ് ഓപൺ ചെയ്യാൻ ഉസ്മാൻ ഖ്വാജയ്ക്ക് കഴിഞ്ഞില്ല. ക്രിക്കറ്റിലെ ചില നിയമങ്ങളാണ് താരത്തിന് ഓപണിങ് ഇറങ്ങുന്നതിന് തടസമായത്. നാലാം നമ്പറിലാണ് ഖ്വാജ ഓസ്ട്രേലിയയ്ക്കായി ബാറ്റിങ്ങിന് ഇറങ്ങാൻ സാധിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിങ്സിൽ 23 മിനിറ്റോളം ഖ്വാജ ഫീൽഡിങ്ങിലുണ്ടായിരുന്നില്ല. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഖ്വാജ ഗ്രൗണ്ട് വിട്ടത്. ഐസിസി നിയമപ്രകാരം എട്ട് മിനിറ്റിലധികം ഒരു താരം ഗ്രൗണ്ടിന് പുറത്താണെങ്കിൽ ആ സമയം ഫീൽഡിൽ ചിലവഴിച്ച ശേഷം മാത്രമെ ആ താരത്തിന് ബൗളിങ്ങോ ബാറ്റിങ്ങോ അനുവദിക്കുകയുള്ളൂ. എന്നാൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 172 റൺസിൽ അവസാനിച്ചതിനാൽ ഖ്വാജയ്ക്ക് ഗ്രൗണ്ടിൽ നിന്ന് വിട്ടുനിന്ന സമയം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതോടെ ആ സമയം പരിഹരിച്ച ശേഷം മാത്രമെ ഖ്വാജയ്ക്ക് ബാറ്റ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.
ഓസ്ട്രേലിയൻ ഇന്നിങ്സ് ആരംഭിച്ചപ്പോൾ 10 മിനിറ്റാണ് ഖ്വാജയ്ക്ക് സമയപരിധി ബാക്കിയുണ്ടായിരുന്നത്. ഓസീസ് ഇന്നിങ്സ് ആരംഭിച്ചതും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ജാക് വെതറല്‍ഡ് റൺസെടുക്കും മുമ്പ് പുറത്തായി. ഈ സമയം 10 മിനിറ്റ് പൂർത്തിയാകാത്തതിനാൽ ഖ്വാജയ്ക്ക് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങാൻ സാധിച്ചില്ല. ഇതോടെ എട്ട് വർഷത്തിന് ശേഷം സ്റ്റീവ് സ്മിത്ത് മൂന്നാം നമ്പറിൽ ക്രീസിലെത്തി. നേരത്തെ മാർനസ് ലബുഷെയ്നും ജാക് വെതറൽഡുമാണ് ഓസ്ട്രേലിയൻ ഇന്നിങ്സ് ഓപൺ ചെയ്തത്.
Content Highlights: Why Usman Khawaja did not open the innings for Australia