നിങ്ങള്‍ ആരോഗ്യവാനല്ല എന്നതിന്റെ 5 ലക്ഷണങ്ങള്‍ ഇവയാണ്

ഗുരുതരമായതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ അഞ്ച് ശാരീരിക ലക്ഷണങ്ങളെക്കുറിച്ച് ഡോ. വില്യം ലി പറയുന്നു

നിങ്ങള്‍ ആരോഗ്യവാനല്ല എന്നതിന്റെ 5 ലക്ഷണങ്ങള്‍ ഇവയാണ്
dot image

എപ്പോഴും ആരോഗ്യത്തോടെയിരിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ എപ്പോഴും അങ്ങനെയാകണമെന്നില്ല.നമ്മുടെ ശരീരം ആരോഗ്യത്തോടെയല്ല ഉള്ളതെന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാന്‍ സാധിക്കും. ഗവേഷകനും Eat To Beat Your Dite ന്റെ രചയിതാവുമായ ഡോ. വില്യം ലി പറയുന്നതനുസരിച്ച് ശരീരം ആരോഗ്യത്തോടെയല്ല ഉള്ളതെങ്കില്‍ അത് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസിലാകും എന്നാണ്. തന്റെ വെബ്‌സൈറ്റില്‍ പങ്കിട്ട ഒരു ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. സാധാരണയായി അവഗണിച്ചുകളയുന്നതും എന്നാല്‍ ഏറെ ശ്രദ്ധിക്കേണ്ടതുമായ ആ ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാം.

മലത്തിലെ രക്തം

മലത്തില്‍ രക്തം കാണുന്നത് ഒരിക്കലും അവഗണിച്ചു കളയരുതാത്ത ഒരു ലക്ഷണമാണ്. വന്‍കുടല്‍ കാന്‍സര്‍, മലദ്വാര കാന്‍സര്‍, മലദ്വാരത്തിലെ മുറിവുകള്‍(ഹെമറോയ്ഡുകള്‍) എന്നിങ്ങനെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ മൂലമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തില്‍ രക്തം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്.

രക്തം കലര്‍ന്ന ഉമിനീര്‍

ഉമിനീര്‍ രക്തം കലര്‍ന്നതാണെങ്കില്‍ അത് ശ്വാസകോശ അര്‍ബുദങ്ങളുടെ മുന്നറിയിപ്പ് സൂചനയാണ്. ഇത്തരത്തിലുള്ള രക്തസ്രാവം കാന്‍സര്‍ മുഴകള്‍ ഉണ്ട് എന്നതിന്റെ ലക്ഷണമാകാം. മിക്ക ആളുകളും ഇത് മോണയിലെ പരിക്ക് മൂലമുണ്ടാകുന്നതാണെന്ന് കരുതി തള്ളിക്കളയുകയാണ് ചെയ്യാറ്. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ബാസ്‌ക് കണ്‍ട്രി സര്‍വ്വകലാശാല സമീപകാലത്ത് നടത്തിയ പഠനത്തില്‍ ഉമിനീര്‍ വെളിപ്പെടുത്തുന്ന പല ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കാന്‍സര്‍, ഹൃദ്രോഗം,പാര്‍ക്കിന്‍സണ്‍സ് എന്നിവ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.

മൂത്രത്തിലെ രക്തം

മൂത്രത്തില്‍ രക്തം കണ്ടാല്‍ ഉടനടി ഡോക്ടറെ കാണുകയും കാരണം കണ്ടുപിടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അത് ചിലപ്പോള്‍ മൂത്രാശയ കാന്‍സറിന്റെയോ പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെയോ ലക്ഷണമായേക്കാം. പുകവലിക്കാരിലെ മൂത്രത്തിലെ രക്തം ഹെമറാജിക് സിസ്റ്റിസ് പോലെയുളള അണുബാധകളെ സൂചിപ്പിക്കാം. നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്ണി ഡിസീസ് അനുസരിച്ച് മൂത്രത്തിലെ രക്തം മൂത്രാശയത്തിലേയോ വൃക്കയിലെ അണുബാധ അല്ലെങ്കില്‍ നീര്‍വീക്കം , മൂത്രാശയ കാന്‍സര്‍, സിക്കിള്‍സെല്‍ രോഗം തുടങ്ങിയ ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം.

ചര്‍മ്മത്തില്‍ രക്തം പൊടിയുക

മുറിവുകള്‍ ഉണ്ടാകാതെ ചര്‍മ്മത്തില്‍ രക്തം കണ്ടാല്‍ അത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.മെലനോമ പോലെയുള്ള ചര്‍മ്മകാന്‍സറിന്റെ ലക്ഷണമായിരിക്കാം ഇത്. നിറമോ വലിപ്പമോ മാറുന്ന മറുകുകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഒരു ഡര്‍മറ്റോളജിസ്റ്റിനെകണ്ട് പരിശോധന നടത്തേണ്ടതാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2022 ല്‍ 330,000 പുതിയ മെലനോമ കാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ട്.

യോനിയില്‍നിന്ന് വരുന്ന രക്തം

ആര്‍ത്തവവിരാമത്തിന് ശേഷം യോനിയില്‍നിന്നുളള രക്തസ്രാവം സെര്‍വിക്കല്‍ അല്ലെങ്കില്‍ ഗര്‍ഭാശയ കാന്‍സറിന്റെ മുന്നറിയിപ്പ് ലക്ഷണമായേക്കാം. ആര്‍ത്തവ രക്തസ്രാവം സാധാരണമാണെങ്കിലും ആര്‍ത്തവവിരാമത്തിന് മുന്‍പും അതിന് ശേഷവും ഉണ്ടാകുന്ന രക്തസ്രാവം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഈ ലക്ഷണങ്ങള്‍ എപ്പോഴും കാന്‍സറിനെ സൂചിപ്പിക്കുന്നില്ല എങ്കിലും കൂടുതല്‍ പരിശോധന നടത്താന്‍ ഒരു വൈദ്യ സഹായം തേടേണ്ടതാണ്

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :These are 5 signs that you are not healthy





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image