

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിൽ പരിശോധന. ആറന്മുളയിലെ പത്മകുമാറിന്റെ വസതിയിലെത്തി എസ്‌ഐടി സംഘമാണ് പരിശോധന നടത്തുന്നത്. പത്മകുമാറും സംഘവും ആറന്മുളയിലെ വീട്ടിലിരുന്നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടത്തിയത് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്ന നിഗമനത്തിലും എസ്‌ഐടി എത്തിയിരുന്നു.
അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ എൻ വാസുവിന്റെ മൊഴിയാണ് എ പത്മകുമാറിനെ കുടുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയിൽ അമിത താത്പര്യമെടുത്തത് പത്മകുമാർ ആണെന്നും നടപടി വേഗത്തിലാക്കാൻ അദ്ദേഹം നിർദേശം നൽകിയെന്നുമാണ് ദേവസ്വം മുൻ കമ്മീഷണറും ബോർഡ് പ്രസിഡന്റുമായിരുന്ന എൻ വാസുവിന്റെ മൊഴി. പോറ്റിയും എ പത്മകുമാറും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും വാസു നൽകിയിട്ടുണ്ട്.
പത്മകുമാർ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകിയിട്ടുണ്ട്. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് അപേക്ഷ നൽകിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയൽ നീക്കം നടന്നതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
Content Highlights: sabarimala gold theft case; SIT search in A Padmakumar's home