കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

ഏഴ് വിക്കറ്റിന് 229 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് 26 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബിന് ഒന്നാം ഇന്നിങ്‌സ് ലീഡ്
dot image

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 273 റൺസെന്ന നിലയിലാണ് പഞ്ചാബ്. ഇപ്പോൾ ഒന്നാം ഇന്നിങ്സിൽ പഞ്ചാബിന് 18 റൺസിൻ്റെ ലീഡുണ്ട്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്‌സ് 255 റൺസിന് അവസാനിച്ചിരുന്നു.

ഏഴ് വിക്കറ്റിന് 229 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് 26 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. കളി തുടങ്ങി ഉടൻ തന്നെ ജോബിൻ ജോബിയുടെ വിക്കറ്റ് നഷ്ടമായി. 31 റൺസാണ് ജോബിൻ നേടിയത്. ക്യാപ്റ്റൻ മാനവ് കൃഷ്ണയുടെ ചെറുത്തുനിൽപ്പാണ് കേരളത്തിൻ്റെ സ്കോർ 255 വരെയെത്തിച്ചത്. മാനവ് 47 റൺസ് നേടി. നിഹിലേശ്വർ നാല് റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി അധിരാജ് സിങ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. കൺവർബീർ സിങ് മൂന്നും സക്ഷേയ രണ്ട് വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഓപ്പണർമാർ വേഗത്തിലുള്ള തുടക്കമാണ് നൽകിയത്. പക്ഷേ 19 പന്തുകളിൽ 22 റൺസെടുത്ത ഓപ്പണർ സാഗർ വിർക്കിനെ നിഹിലേശ്വർ പുറത്താക്കി. തുടർന്നെത്തിയ തന്മയ് ധർണിയെ അമയ് മനോജും പുറത്താക്കിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ഓപ്പണർ സൗരിഷ് സൻവാൾ അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സൗരിഷ് 105 പന്തുകളിൽ നിന്ന് 20 ബൗണ്ടറിയും ഒരു സിക്സും അടക്കം 98 റൺസ് നേടി. ഹൃഷികേശിൻ്റെ പന്തിൽ തോമസ് മാത്യു ക്യാച്ചെടുത്താണ് സെഞ്ച്വറിക്കരികെ സൗരിഷ് പുറത്തായത്.

തുടർന്നെത്തിയ ക്യാപ്റ്റൻ ആര്യൻ യാദവ് 29 റൺസും വേദാന്ത് സിങ് ചൗഹാൻ 46 റൺസും നേടി. കളി നിർത്തുമ്പോൾ അർജൻ രാജ്പുത് 46ഉം ശിവെൻ സേത്ത് നാലും റൺസുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി നിഹിലേശ്വർ, ജോബിൻ ജോബി, തോമസ് മാത്യു, അമയ് മനോജ്, ഹൃഷികേശ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Punjab take first innings lead against Kerala in Cooch Behar Trophy

dot image
To advertise here,contact us
dot image