'ഈ പിച്ചില്‍ എനിക്കുപോലും വിക്കറ്റ് കിട്ടും'; ഗംഭീര്‍ അസംബന്ധം പറയുകയാണെന്ന് ശ്രീകാന്ത്‌

തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ചും പിച്ചിനെ അനുകൂലിച്ചും ഗൗതം ഗംഭീർ രം​ഗത്തെത്തിയിരുന്നു

'ഈ പിച്ചില്‍ എനിക്കുപോലും വിക്കറ്റ് കിട്ടും'; ഗംഭീര്‍ അസംബന്ധം പറയുകയാണെന്ന് ശ്രീകാന്ത്‌
dot image

ദക്ഷിണാഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കോച്ച് ​ഗൗതം ​ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് മുന്‍ ക്യാപ്‌നും മുഖ്യ സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്. 30 റണ്‍സിനാണ് സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യക്കു കീഴടങ്ങേണ്ടി വന്നത്. 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

തോൽവിക്ക് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയർന്നിരുന്നു. തുടർന്ന് ഇന്ത്യൻ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ചും പിച്ചിനെ അനുകൂലിച്ചും ഗൗതം ഗംഭീർ രം​ഗത്തെത്തുകയും ചെയ്തു. തങ്ങളുടെ ആവശ്യപ്രകാരമുള്ള പിച്ചാണ് ഒരുക്കിയതെന്നും പക്ഷേ ബാറ്റർമാർ സ്പിൻ ബൗളിങ്ങിനെതിരെ നന്നായി കളിച്ചില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി.

ഇപ്പോൾ കൊൽക്കത്ത പിച്ചിനെക്കുറിച്ചുള്ള ഗൗതം ഗംഭീറിന്റെ വിലയിരുത്തലിനെ രൂക്ഷമായി വിമർ‌ശിക്കുകയാണ് ​ശ്രീകാന്ത്. ബാറ്റർമാർക്ക് സ്പിന്നിനെയും പിച്ചിനെയും നേരിടാനുള്ള സാങ്കേതികതയില്ലെന്ന ഗംഭീറിന്റെ ആരോപണത്തെയും മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ ക്രിസ് ശ്രീകാന്ത് ശക്തമായി വിമർശിച്ചു. ​ഗംഭീർ അസംബന്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ആ പിച്ചിൽ തനിക്ക് വരെ വളരെ എളുപ്പത്തിൽ വിക്കറ്റ് നേടാനാവുമെന്നും ശ്രീകാന്ത് പറഞ്ഞു.

"സ്വന്തം മണ്ണിൽ ഇത് വളരെ മോശം റെക്കോർഡാണ്. എല്ലാ ശക്തമായ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. എന്നിട്ടും പരാജയപ്പെട്ടു. ഞങ്ങൾ ആവശ്യപ്പെട്ട വിക്കറ്റ് ഇതാണെന്നും പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ട വിക്കറ്റ് ഇതല്ലെന്നും ഗംഭീർ പറഞ്ഞു. ടേണിങ് പിച്ചുകൾ വേണമെന്ന് ആവശ്യപ്പെടുന്നതിലെ തുടർച്ചയായ തെറ്റുകളിൽ നിന്ന് ടീം മാനേജ്മെന്റ് പഠിക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ആദ്യ ദിവസം മുതൽ പന്ത് തിരിയുകയാണ്. വർഷങ്ങളായി ഇത് തുടരുകയാണ് എന്നിട്ടും തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല. ഈ വിക്കറ്റ് ശരിയല്ല, ഈ പിച്ചിൽ ഞാൻ സ്റ്റമ്പ് ടു സ്റ്റംപ് ബൗൾ ചെയ്താലും എനിക്ക് പോലും ഒരു വിക്കറ്റ് ലഭിക്കും, ശ്രീകാന്ത് പറഞ്ഞു.

"ഇതൊരു മോശം ട്രാക്കാണ്. ഇത്രയും മോശം ട്രാക്കിൽ ബാറ്റർമാർ സ്വയം പരിശ്രമിക്കണമായിരുന്നെന്ന് പറയാനാവില്ല. ഒരു ടീമും കൂടുതൽ റൺസ് നേടുന്നില്ലെങ്കിൽ, അത് എങ്ങനെ ഒരു നല്ല വിക്കറ്റാകും? ​ഗംഭീർ അസംബന്ധം പറയുകയാണ് ചെയ്യുന്നത്. രണ്ട് ടീമുകളും ബുദ്ധിമുട്ടുകയായിരുന്നു. ​ഗംഭീർ സമ്മർദ്ദത്തിലാണോ അല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഇന്ത്യ ഇപ്പോൾ നല്ല സമ്മർദ്ദത്തിലാണ്," ശ്രീകാന്ത് പറഞ്ഞു.

Content Highlights: Even I would have taken wickets here: Kris Srikkanth slams Gautam Gambhir's Kolkata pitch defence

dot image
To advertise here,contact us
dot image